Mumbai Bachelor Life – Part 22

മുരളി, വട്ടേനാട്ട്

മനസ്സിന്റെ ഉൾത്താപം നാമറിയാതെ വേണ്ടപ്പെട്ടവർ അറിയുകയെന്നത്, അതിനൊത്ത് അവർ പ്രവർത്തിക്കുകയെന്നത് യാദൃശ്ചികതയാവാം. ഒരു മകന്റെ മനസ്സ് ഏറ്റവുമധികം അറിയുക അമ്മയാണല്ലോ. അമ്മയോടിന്നേവരെ മനസ്സിന്റെ കോണിൽ സൂക്ഷിച്ചു വെച്ച ആഗ്രഹങ്ങൾ പറഞ്ഞിട്ടില്ല. എന്നിട്ടും, എല്ലാമറിഞ്ഞ പോലെ അമ്മ തൃപ്രയാറിൽ പോയി അമ്മിണിയോപ്പോളോട് രാജേശ്വരിയുടെ കാര്യം സംസാരിച്ചുവത്രെ. രണ്ടു പേർക്കും ഇഷ്ടമെങ്കിൽ നോക്കാമെന്ന് പറഞ്ഞത്രെ. ഇഷ്ടം അറിയേണ്ടത് അവളുടെ മാത്രം. അതിനു മാത്രമാണിനി പ്രസക്തി.

ജാതകം നോക്കണമെന്ന് പറഞ്ഞുവത്രെ. ജാതകം നോക്കുന്ന കാര്യത്തിൽ എനിക്ക് ഒട്ടും താല്പര്യമില്ല. എന്നോട് യോജിച്ചു പോകുന്നവളാണ്‌ അവളെന്ന് എനിക്കറിവുള്ളതാണ്‌. മന:പ്പൊരുത്തം  മാത്രമാണ്‌ ഏറ്റവും വലിയ പൊരുത്തമെന്നതാണ്‌ എന്റെ വിശ്വാസം. ഏതായാലും ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാൻ പോയില്ല. നമ്മുടെ ഭാഗത്തു നിന്നും നോക്കെണ്ടെന്ന് മാത്രമെഴുതി.

അമ്മിണിയോപ്പോൾക്കുമെഴുതി. അവളുടെ താല്പര്യം ചോദിച്ച് പൂർണ്ണസമ്മതത്തൊടെ മാത്രമേ മുന്നോട്ടു പോകാവൂ എന്ന്. ആത്യന്തികമായി ഒരോ വ്യക്തിക്കും തന്റെതായ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടായിരിക്കാം. ഇഷ്ടക്കേടുകൾ പെരുമാറ്റത്തിൽ കണ്ടിട്ടില്ലെന്നാലും, അത് ചോദിച്ചറിയാൻ ഇന്നേ വരെ ശ്രമിച്ചിട്ടില്ല.

ജീവിതത്തിൽ പെണ്ണുകാണൽ എന്ന ഒരു സംഭവം എന്റെ ജീവിതത്തിൽ സംഭവിക്കരുതേ എന്ന് പ്രാർത്ഥിച്ചിരുന്നൊരാളാണ്‌ ഞാൻ. ഒരു പെൺകുട്ടിയെയും കണ്ട് അവരെ ഇഷ്ടമല്ലെന്ന് പറയേണ്ടി വരുന്ന അവസ്ഥ എനിക്ക് ആലോചിക്കാൻ പോലും പറ്റിയിരുന്നില്ല. അങ്ങിനെ ഒന്ന്‌ വേണ്ടി വരില്ലെന്ന അവസ്ഥയിലേക്ക്‌ ഏകദേശം കാര്യങ്ങൾ എത്തിത്തുടങ്ങിയിരിക്കുന്നു. ഭാഗ്യമാവാം.

അനുജത്തി ശോഭയുടെ വിവാഹവും ഏകദേശം ശരിയായിരിക്കുന്നു. ഞാങ്ങാട്ടിരി വഴി എത്തിയതാണ്‌. ബേബിയുടെ ഭർത്താവിന്റെ അനുജൻ, കൊൽക്കത്തയിൽ ജോലി. അവൾക്കും ഇഷ്ടക്കേടൊന്നുമില്ല. എല്ലാം വഴി പോലെ നടക്കട്ടെ. മനസ്സിലെ ആഗ്രഹങ്ങളേക്കാൾ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് വില കല്പ്പിക്കുകയാണ്‌ വേണ്ടതെന്ന് മനം പറയുന്നു.

1990 അവസാനിക്കാറായിരിക്കുന്നു. ക്രിസ്തുമസ് ദിനം. റൂമിൽ കൂട്ടുകാരുമൊത്തൊരു ഒഴിവു ദിനം. ലോകം കണ്ട ഏറ്റവും വലിയ പീഢാനുഭവം ഏറ്റുവാങ്ങിയ ക്രിസ്തുദേവന്റെ  സ്മരണകളിൽ, ചർച്ചയും ആ വഴിയേ പോയി. ചർച്ചകൾ സ്വാനുഭവങ്ങളിലേക്ക് വഴിമാറിച്ചവിട്ടി. ഓരോരുത്തരുടെയും ഗതകാലസ്മരണകൾ, പീഢാനുഭവങ്ങൾ അവ കണ്ഠങ്ങളെ ഇടർച്ചയിലേക്ക് നയിച്ചു. മാതാപിതാക്കളുടെ അറിവില്ലായ്മയിൽ നിന്നുമുരുത്തിരിയുന്ന ചില ക്രൂരകൃത്യങ്ങൾ കുട്ടികളുടെ ബാലമനസ്സുകളിലുണ്ടാക്കുന്ന ആഘാതങ്ങളായിരുന്നു വിഷയം. എത്രയൊക്കെ കാലം പിന്നിട്ടാലും, അവർക്ക് ഉള്ളിന്റെയുള്ളിൽ എത്രയൊക്കെ സ്നേഹം തങ്ങളോടുണ്ടെന്നാലും, ആ ക്ഷണികങ്ങളായ ക്രൂരനിമിഷങ്ങൾ ബാലമനസ്സിലുണ്ടാക്കുന്ന മുറിവുകൾ മായ്ക്കുക വിഷമമായിരിക്കും. ആ ചിന്തകൾ എപ്പോഴും അവനെ വേട്ടയാടിക്കൊണ്ടിരിക്കും… അവന്റെ കൈ അറിയാതെ പെട്ടെന്ന് ആ സംഭവത്തിന്റെ തുടർച്ചയെന്നോണം നടുങ്ങിയുലയും.

രമേശേട്ടന്റെ സുഹൃത്തുക്കൾ മോഹൻ ദാസും സന്തോഷും റൂമിലെത്തി. മോഹൻ ദാസ് ഒന്നാം തരം ഫോട്ടൊഗ്രാഫറാണ്‌. പട്ടാളത്തിൽ ചേർന്ന്, അവിടത്തെ ട്രെയിനിംഗ് കഴിയും മുമ്പേ ഓടിപ്പോന്ന മഹാൻ. ഇനിയും അന്വേഷിച്ച് വരില്ലെന്ന ഉത്തമവിശ്വാസത്തിൽ ഒരു ജോലി തേടി ബോംബെക്ക് വന്നിരിക്കുന്നു. ആരതിയിൽ വീഡിയോ കാമറക്ക് അറ്റൻഡറ്റ് ആയി ഒരാളെ വേണം. ഒപ്പം വീഡിയോഗ്രാഫി പഠിക്കുകയുമാവാം.

എല്ലാ ആഴ്ചയും കേരളീയ സമാജം ലൈബ്രറിയിലെ സന്ദർശനം പതിവാക്കി. കുഞ്ഞബ്ദുള്ള, വി കെ എൻ, മാധവിക്കുട്ടി, ബഷീർ,  ഓ വി വിജയൻ തുടങ്ങിയവരുടെ കൃതികളിലൂടെ സഞ്ചരിച്ച ദിനങ്ങൾ. ഖണ്ഡ:ശ വായിച്ചിട്ടുണ്ടെന്നാലും ഗുരുസാഗരം ഒന്നു കൂടി വായിച്ചു. പരീക്ഷിത്തിനെക്കുറിച്ചും പൂച്ചയെക്കുറിച്ചും കത്തെഴുതുന്ന കല്യാണി. ബീജം തന്റെതല്ലെങ്കിലും തന്റെതായിത്തീർന്ന മകൾ. അവൾ, പ്രസവോദ്യുക്തരായി നിന്ന ജ്യോതിസ്സുകളിലൂടെ ഗദാധരന്റെ അരിപ്പൊടിയുടെ പാഥേയവുമായി യാത്രയായപ്പോൾ തടുക്കാനാവാത്ത ജലപ്രവാഹമായി കുഞ്ഞുണ്ണിയുടെ ദു:ഖം, നമ്മുടെയും.

ഒഴിവു ദിനങ്ങളിലെ വൈകുന്നേരങ്ങളിൽ അനുഷ്ഠാനമെന്നോണം രേത്തി ബന്ദറിലേക്കും അതിനടുത്ത പാലക്കാടൻ ഗ്രാമത്തിലേക്കും നടക്കാനിറങ്ങി. പാലക്കാടൻ ഗ്രാമത്തിന്റെ ദൃശ്യസൗന്ദര്യമാസ്വദിച്ച് നദിക്കരയിലെ മണൽക്കൂനകളിൽ ചാഞ്ഞിരുന്ന് ഞങ്ങൾ വീണ്ടും ബാല്യങ്ങളിലേക്ക് തിരിച്ചു പോയി. അതിലൊരാൾ, ബാല്യത്തിന്റെ ദുശ്ശീലങ്ങൾക്കും ദുശാഠ്യങ്ങൾക്കുമപ്പുറം നാടുവിട്ടു പോയ  കഥ പറഞ്ഞു തുടങ്ങി.…

വളർച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിൽ നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടാത്തവനായി മാറിയ കാലത്ത്, കുത്തുവാക്കുകൾ ഉറ്റവരിൽ നിന്നുമുതിർന്നപ്പോൾ, അപകർഷതാബോധം ഉള്ളിൽ വളർന്നൊരു നാൾ, അയാൾ നാടും വീടുമുപേക്ഷിച്ച് യാത്രയായി. എവിടേക്കെന്നോ, എന്തിനെന്നോ അറിയാതെയുള്ള യാത്ര. ആ യാത്ര ചെന്നവസാനിച്ചത് മൂകാംബികദേവിയുടെ സന്നിധിയിൽ. വായനാശീലത്തിന്റെ പരിണതഫലം. വിഗ്രഹത്തിനു മുമ്പിൽ നിന്ന് മനമുരുകി കരഞ്ഞു പ്രാർത്ഥിച്ചു. ദേവിയുടെ സാമീപ്യം അനുഭവിച്ച്, സങ്കടക്കടൽ കണ്ണുനീരായി പെയ്തൊഴിഞ്ഞപ്പോൾ  വല്ലാത്തൊരാശ്വാസം. പുറത്തുകടന്ന് ഊട്ടുപുരയിൽ നിന്നും പ്രസാദം കഴിച്ചു. മനത്തിനൊപ്പം ഉദരവും നിറഞ്ഞപ്പോൾ, പുറത്ത് കടന്ന് എങ്ങോട്ടെന്നില്ലതെ വീണ്ടും നടന്നു. എത്തിച്ചേർന്നത് സൗപർണ്ണികാ തീരത്ത്. അവിടെ കടവിൽ, ഒരു പാറക്കല്ലിൽ ഇരുന്നു. തെളിനീരിലേക്ക് ചെറുകല്ലുകൾ ഓരോന്നായി ലക്ഷ്യമില്ലാതെ എറിഞ്ഞുകൊണ്ടിരുന്നു. ഈ പ്രവൃത്തികളോരോന്നും അവിടെ സ്നാനം ചെയ്യാനെത്തിയ ഒരു സന്യാസിവര്യൻ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു. അദ്ദേഹം പതുക്കെ അവനെച്ചെന്ന് തലോടി. അദ്ദേഹത്തിന്റെ കണ്ണുകൾ അവന്റെ ദു:ഖങ്ങൾ വായിച്ചെടുത്തു. എല്ലാം അദ്ദേഹത്തോട് വിശദീകരിച്ചു. രണ്ടു ദിവസം തന്റെ കൂടെക്കൂട്ടി ജീവിതോപദേശങ്ങൾ നല്കി അവനെ നാട്ടിലേക്ക് തിരിച്ചയച്ചു. ആ മൂകാംബിക യാത്ര അയാളിലും മാതാപിതാക്കളിലും പരിവർത്തനങ്ങളുണ്ടാക്കി.

സായാഹ്ന സൂര്യൻ രേത്തിബന്ദറിനപ്പുറം മേഘക്കീറുകൾക്കിടയിലൂടെ കടലിലേക്ക് പതുക്കെ താഴാനുള്ള തയാറെടുപ്പിലായിരുന്നു. പക്ഷികൾ തങ്ങളുടെ താവളം തേടി മടക്ക യാത്ര തുടങ്ങി. ഞങ്ങളും പതുക്കെ ഞങ്ങളുടെ  കൂട്ടിലേക്ക് മടങ്ങി.

0

Leave a Reply

Your email address will not be published. Required fields are marked *