Mumbai Bachelor Life – Part 20

-മുരളി വട്ടേനാട്ട്

ബോംബെയിലെത്തിയ ശേഷം ആദ്യമായി ഓണം സ്വന്തം റൂമിൽ ആഘോഷിക്കാൻ തീരുമാനിച്ചു. മുൻ വർഷങ്ങളിലൊക്കെ നാട്ടിലോ, ഓപ്പോളുടെ അടുത്തോ ഒക്കെയായിരുന്നു ആഘോഷിച്ചിരുന്നത്. ഇക്കുറി മാട്ടുംഗയിൽ പോയി വേണ്ട സാധനങ്ങളൊക്കെ ഉത്രാടദിവസം തന്നെ വാങ്ങി വന്നു. രമേശേട്ടനെയും വിനയനെയും കൂടി ക്ഷണിച്ചു.

ഇലയിട്ട്, നാലുകൂട്ടം കറികളും, പാലടപ്രഥമനുമായിത്തന്നെ ഓണമാഘോഷിച്ചു. സതുവിന്റെയും മുരളീമോഹനന്റെയും പാചകവൈദഗ്ദ്ധ്യം മുഴുവൻ മറനീക്കി പുറത്തുവന്നു. പ്രത്യേകിച്ചും മുരളിയുടെ കാളൻ കസറി.

ആ വർഷത്തെ ഷാരടി സമാജം വാർഷിക പൊതുയോഗം എട്ടു വർഷം തുടർച്ചയായി പ്രസിഡണ്ട് ആയിരുന്ന പി എം പിഷാരടിയെന്ന അപ്പുമ്മാമനു പകരം ആർ പി ഉണ്ണിയേട്ടനെ തെരഞ്ഞെടുത്തു. അതെ പോലെ എട്ടു വർഷം ട്രഷറർ ആയിരുന്ന പി എ പിഷാരടിക്കു പകരം മകൻ രാജൻ എ പിഷാരടി ട്രഷററായി. സെക്രട്ടറി പദം ആർ പി രഘുനന്ദനിൽ നിന്നും പി വിജയനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അംബർനാഥ്-കല്യാൺ- ഡോംബിവിലി ഏരിയ മെമ്പറായിരുന്ന ഭരതനെ ജോ. സെക്രട്ടറിയാക്കി. അംബർനാഥ്-കല്യാൺ-ഡോംബിവിലി മേഖലയിൽ നിന്നും ഡോംബിവിലിയെ അടർത്തിമാറ്റി പ്രത്യേക മേഖലയാക്കി മാറ്റി. അവിടത്തെ എം.എൽ.എ ആയി എന്നെ തെരഞ്ഞെടുത്തു, അംബർനാഥ് കല്യാൺ ഏരിയയിലേക്ക് എസ് വേണുഗോപാലനെയും തെരഞ്ഞെടുത്തു.

പുതിയ ഭരണസമിതി മീറ്റിംഗ് അംബർനാഥ് ഉണ്ണിയേട്ടന്റെ വീട്ടിലായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടെന്ന് കരുതുന്ന അംബ്രേശ്വർ ശിവമന്ദിറിനപ്പുറത്തായുള്ള പ്രശാന്തസുന്തരമായൊരു സ്ഥലത്താണ് ഉണ്ണിയേട്ടൻ നാട്ടിലെപ്പോലെ ഒരു ബംഗ്ലാവ് വെച്ചിരിക്കുന്നത്. മുൻ വശത്തായി ഒരു ചെറിയ ഗാർഡൻ. അവിടെ അത്യാവശ്യം മരങ്ങളും പൂച്ചെടികളുമുണ്ട്. ബോംബെ നഗരത്തിലെ ചാൽ, ഫ്ലാറ്റ് ജീവിതത്തിനിടക്ക് ഈയൊരനുഭവം തികച്ചും വ്യത്യസ്ഥം തന്നെ.

സമാജം മീറ്റിംഗിലെ പ്രധാന തീരുമാനം അംബർനാഥ് ഈസ്റ്റിൽ ഓർഡിനൻസ് ഫാക്ടറിക്കപ്പുറം ഉള്ള തരിശു സ്ഥലത്ത് ഒരു പ്ളോട്ട് സമാജത്തിന്റെ പേരിൽ വാങ്ങിക്കുക എന്നതായിരുന്നു. സ്ഥലം പോയിക്കണ്ടു. പക്ഷെ, സമാജത്തിന്റെ അന്നത്തെ അവസ്ഥയിൽ വില താങ്ങാവുന്നതിലപ്പുറം. ആതുര സേവനരംഗത്തേക്കുള്ള കാൽ വെയ്പ്പ് എന്ന ആശയ യത്തിനു മുമ്പിൽ സാമ്പത്തികം സഹ്യാദ്രി പോലെ തടഞ്ഞു മുന്നിൽ കിടന്നു.

ആ വർഷത്തെ ഓണാഘോഷത്തിലേക്കുള്ള പരിപാടികൾ ഏകദേശം തീരുമാനമാക്കി. ഒരു നാടകം അവതരിപ്പിക്കണമെന്ന പൊതുവായ അഭിപ്രായം കണക്കിലെടുത്ത് ഡോംബിവിലി കേരളീയ സമാജം ലൈബ്രറിയിൽ നിന്നും ഞാനും മുരളീ മോഹനനും കൂടി കുറച്ച് നാടകങ്ങൾ സംഘടിപ്പിച്ച് കൈയിൽ കരുതിയിരുന്നു. പക്ഷെ, വിശദ വിശകലനത്തിൽ ഒന്നും അവതരണയോഗ്യമായതായി കണ്ടില്ല. ആകെ ഇനിയുള്ളത് 20 ദിവസം. അതിനുള്ളിൽ ലഘുനാടകങ്ങളൊഴികെ ഒന്നും പറ്റില്ലെന്ന് ഉറപ്പായിരുന്നു. ഒന്നു കൂടി പോയി തപ്പി രണ്ടു ദിവസത്തിനുള്ളിൽ ശരിയാക്കാമെന്നേറ്റ് അന്നു ഞങ്ങൾ പിരിഞ്ഞു.

നാടകമെന്ന ആശയം ഉപേക്ഷിക്കാമെന്ന് മുരളീ മോഹനൻ. വയ്യെന്ന് ഞാനും. ഒടുവിൽ എന്റെ സമ്മർദ്ദത്തിനു വഴങ്ങി, മുരളീ മോഹൻ തന്നെ പുതിയൊരാശയവുമായെത്തി.

യമപുരി. അവിടത്തെ സംഭവവികാസങ്ങൾ. നർമ്മത്തിന്റെ മേമ്പൊടിയോടെ അതിനെ നോക്കിക്കാണാൻ ഞങ്ങൾ തീരുമാനിച്ചു.
പിറ്റേന്ന് രമേശേട്ടനേയും വിളിച്ചു വരുത്തി. മൊത്തം കഥയെക്കുറിച്ചും കഥാപാതങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. മൂപ്പരും അംഗീകരിച്ചു.

ഒരു കപട രാഷ്ട്രീയക്കാരൻ, പൈങ്കിളി സാഹിത്യകാരൻ, വ്യാജ ഡോക്ടർ, ബോംബെക്കാരനായൊരു പാവം പിഷാരടി എന്നീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ഏറെ കഥാ പാത്രങ്ങൾ വയ്യ, കാരണം ആളെ ഒപ്പിക്കണ്ടേ? യമനും ചിത്രഗുപ്തനും ഇവരെ വിചാരണ ചെയ്യുന്നു. ഒന്നു രണ്ടു കിങ്കരന്മാരും വേണ്ടി വരും.

അപ്പോഴും പ്രശ്നം ഒന്നു മാത്രം. പരിണാമഗുപ്തി. അതിനെക്കുറിച്ച് ഒരു സമവായമായില്ല. ആ പ്രശ്നം കഥ മുന്നോട്ട് പുരോഗമിക്കുന്തോറും പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിൽ മുരളീ മോഹൻ തൂലികയെടുത്തു.

അടുത്ത രണ്ടു ദിവസങ്ങൾ ഒരെഴുത്തുകാരന്റെ സർഗ്ഗാത്മക ദിനങ്ങളായിരുന്നു . അവനെ ഒറ്റക്കു വിടുക. അവന്റെ ലോകത്തേക്ക്. നമുക്കായി അയാൾ ഒരു ശില്പം പണിയുന്നു. അതിന്റെ കലാഭംഗിയിൽ നമുക്കയാളെ ശ്ലാഘിക്കാം… ഒടുവിൽ സ്ക്രിപ്റ്റ് റെഡിയായി. കഥാപാത്രങ്ങൾക്ക് മിഴിവു വന്നിരിക്കുന്നു. സംഭാഷണങ്ങൾ ചടുലവും ഹാസ്യേതരവുമായിരിക്കുന്നു.

നാടകത്തിന്റെ പേര് “യമപുരി സെപ്തബർ 30” എന്നായാലോ എന്ന എന്റെ ചോദ്യം രമേശേട്ടനും ശരിവെച്ചപ്പോൾ ഒരു പുതിയ നാടകം പിറവി കൊള്ളുകയായിരുന്നു.

അടുത്ത ഞായറാഴ്ച കല്യാണിലെത്തി ഋഷിനാരദമംഗലം കൃഷ്ണകുമാറിനെയും സന്തോഷിനെയും കണ്ടു. അവരിരുവരും നാടകക്കമ്പക്കാരാണ്. മൊത്തത്തിൽ നാടകം അവർക്കുമിഷ്ടപ്പെട്ടു. അടുത്ത കടമ്പ കഥാപാത്രങ്ങൾക്ക് യോജിച്ച അഭിനേതാക്കളെ കണ്ടെത്തലായിരുന്നു.

യമരാജനായി കല്ലങ്കര ഭരതൻ, ചിത്രഗുപ്തനായി അനുജൻ രാധാകൃഷ്ണൻ, രാഷ്ട്രീയക്കാരനായി സന്തോഷ്, സാഹിത്യകാരനായി ഈയുള്ളവൻ, ഡോക്ടറായി ശശി, ബോംബെക്കാരൻ പിഷാരടിയായി ഉണ്ണിയേട്ടന്റെ മകൻ സതീഷ്. കിങ്കരനായി സന്തോഷിന്റെ അനുജൻ ആനന്ദും ആർ പി രഘുവേട്ടന്റെ മരുമകൻ വിനോദും.

തുടക്കത്തിൽ സംഭാഷണങ്ങൾ വഴങ്ങായ്മയും അതു കൊണ്ട് തന്നെ നർമ്മം വേണ്ട പോലെ ഫലിക്കാത്തതും അഭിനേതാക്കളിൽ ആശയക്കുഴപ്പമുണ്ടാക്കി. പക്ഷെ രണ്ടാഴ്ചത്തെ കഠിനപ്രയത്നത്താൽ എല്ലാം ശരിയായിത്തുടങ്ങി. തലേന്നത്തെ അവസാന റിഹേഴ്സൽ കഴിഞ്ഞപ്പോൾ എല്ലാവരുടെ മുഖത്തും വിടർന്ന സന്തോഷം പിറ്റേന്നക്കുള്ള ആശങ്കകൾക്ക് വിരാമമിട്ടു.

1990 സെപ്തംബർ 30, ദാദർ വനമാലി ഹാൾ..

സംഭാഷണങ്ങൾ നാന്നായി കേൾക്കാനും ഗാനാലാപനങ്ങൾക്ക് മിഴിവേകാനുമായി നല്ല ശബ്‌ദോപകരണങ്ങൾ, ഞാൻ ജോലി ചെയ്യുന്ന ആരതി ലൈറ്റിൽ നിന്നും നല്ല സ്പോട്ട് ലൈറ്റുകൾ എന്നിവയും ഒരുക്കിയിരുന്നു.

ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തുടങ്ങിയ ഓണാഘോഷം കൈകൊട്ടിക്കളി, നൃത്ത നൃത്ത്യങ്ങൾ, ഗാനാലാപനങ്ങൾ എന്നിവയാൽ മുന്നോട്ട് പോകവേ പെട്ടെന്ന് വൈദ്യുതി ബന്ധം നിലച്ചതിനാൽ ഏകദേശം അര മണിക്കൂറോളം നിർത്തി വെക്കേണ്ടിവന്നു. വൈദ്യുതി തിരിച്ചെത്തി വീണ്ടും തുടങ്ങിയെന്നാലും പരിപാടികളുടെ സമയക്രമം ആകെ തകരാറിലായി. വനമാലിക്കാർ സമയദൈർഘ്യം അനുവദിക്കാൻ വൈമുഖ്യം കാട്ടി. തൽക്കാലം അരമണിക്കൂർ നീട്ടിത്തരാമെന്നായി. പക്ഷെ അപ്പോഴും ഗാനമേള കഴിഞ്ഞ് നാടകം തുടരാൻ സമയമില്ല. നാടകം ഉപേക്ഷിക്കാതെ തരമില്ലെന്നായി. മുഖത്ത് മേക്കപ്പിട്ട അഭിനേതാക്കളും രചയിതാവും വരെ മനസ്സില്ലാ മനസ്സോടെ നാടകം ഉപേക്ഷിക്കാമെന്ന ധാരണയിൽ എത്തി. സമയം വൈകിത്തുടങ്ങിയതിനാൽ ദൂരെ നിന്ന് വന്ന പലരും സ്ഥലം വിട്ടു തുടങ്ങി.

പക്ഷെ എന്തുകൊണ്ടോ, എനിക്കതിനോട് യോജിക്കാനായില്ല. എല്ലാവരോടും തയ്യാറായി ഇരുന്നോളാൻ പറഞ്ഞു. വീണ്ടും ഹാളുകരോട് ചോദിക്കാൻ പോയില്ല. ഗാനമേള അവസാനിപ്പിച്ചതും ഉടൻ നാടകത്തിൻറെ അനൗൺസ്‌മെൻറ് തുടങ്ങാൻ രമേശേട്ടനെ ശട്ടം കെട്ടി നിറുത്തി….പ്രദീപ്, രമേശേട്ടൻ എന്നിവരടങ്ങുന്ന താരനിരയുടെ ഗാനമേളക്ക് സമാപ്തിയായി.

ഹാളിൽ രമേശേട്ടന്റെ ശബ്ദം മുഴങ്ങി.
മുത്തശ്ശിക്കഥകളും സംസ്കാരവും നമുക്കു നൽകിയ അനേകം കഥാപാത്രങ്ങൾ. അവരോരോരുത്തരും നമ്മുടെ മനസ്സിൽ തെളിമയോടെ എന്നുമുണ്ടെന്ന് തീർച്ച…

ആ വരികളുടെ മുഴക്കത്തിനപ്പുറം “യമപുരി, സെപ്തംബർ 30” നായി വേദിയിൽ തിരശീലയുയർന്നു. സ്പോട്ട് ലൈറ്റുകൾ മിഴി തുറന്നു. രംഗത്തേക്ക് ചിത്രഗുപ്തനെത്തുകയായി.. കഥാ പാത്രങ്ങളോരോരുത്തരായി അരങ്ങിലെത്തി. ഉള്ള കാണികൾ സാകൂതം വീക്ഷിക്കുന്നു. ചിത്രഗുപ്തൻറെ ഡയലോഗുകൾക്ക് കയ്യടികൾ ഉയരുന്നു.

കലാകാരന് സാർത്ഥകമെന്ന് തോന്നുന്ന ചുരുക്കം ചില സന്ദർഭങ്ങലിലൊന്ന് അവന്റെ കല വിജയിക്കുമ്പോഴാണ്. ജനങ്ങൾ അവയെ സ്വീകരിക്കുമ്പോൾ. അത്തരമൊരു നിമിഷത്തിന്റെ ആഹ്ളാദത്തിമിർപ്പിലാണ് അക്കൊല്ലത്തെ ഷാരടി സമാജം പരിപാടികൾ അവസാനിച്ചത്. മുരളീ മോഹനനെന്ന എഴുത്തുകാരന്റെ തൂലികക്ക് ലഭിച്ച അംഗീകാരമായിരുന്നു, ചിത്രഗുപ്തനെന്ന കഥാപാത്രത്തിന്-രാധാകൃഷ്ണന് ലഭിച്ച അംഗീകാരമായിരുന്നു അന്ന് ദാദർ വനമാലി ഹാളിൽ ഉയർന്ന ഒരോ കയ്യടിയും.

നാടകം കഴിഞ്ഞ് തിരിച്ചുള്ള ലോക്കൽ ട്രെയിൻ യാത്ര കല്യാൺ അംബർനാഥ് ഭാഗത്തേക്കുള്ള എല്ലാവരുമൊത്തായിരുന്നു. സമാജത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയാംഗീകാരം പിടിച്ചുപറ്റിയ നാടകത്തിന്റെ ഹാങ്ങോവറിലായിരുന്നു നാടകത്തിൽ ഭാഗഭാക്കായ ഓരോരുത്തരും. പരസ്പരം പ്രശംസിച്ചും ഓരോ നിമിഷങ്ങളെയും പുനരവതരിപ്പിച്ചും ഞങ്ങൾ ഡോംബിവിലിയിലെത്തിയതറിഞ്ഞില്ല.

ബോംബെ ജീവിതത്തിലെ ആഹ്ളാദം പകരുന്ന, മാനസികോല്ലാസം തരുന്ന അപൂർവ്വം ചില ധന്യനിമിഷങ്ങൾ. അതിൽ നമ്മൾ കൂടി ഭാഗഭാക്കാവുമ്പോൾ, നമ്മുടെ കൂടെ കയ്യൊപ്പ് പതിയുമ്പോൾ മധുരം ഇരട്ടിയാവുന്നു.

0

One thought on “Mumbai Bachelor Life – Part 20

  1. വളരെ സ്വാഭാവികമായ narration. ഇതു വരെ comment ഇട്ടില്ലന്നേയുള്ളു.

    കൗമുദി

    0

Leave a Reply

Your email address will not be published. Required fields are marked *