Mumbai Bachelor Life – Part 18

1989ലെ അവസാനദിനം, ഞായറാഴ്ച രാവിലെ നാലര മണിക്ക് മൂട്ടകളോടു മല്ലടിച്ചുള്ള യാത്രയവസാനിപ്പിച്ച്, സതീശനുമൊത്ത് കല്യാൺ സ്റ്റേഷനിലിറങ്ങി. ബോംബെയിലെത്തിയിട്ട് വർഷം അഞ്ചു കഴിഞ്ഞെന്നാലും ഇന്നേ വരെ പുതുവർഷപ്പിറവിയുടെ ആഘോഷങ്ങളിലേക്ക് ആകർഷിക്കപ്പെട്ടിട്ടില്ല. ഡിസംബർ 31ന്റെ രാവിൽ, നഗരം അണിഞ്ഞൊരുങ്ങി അതിന്റെ എല്ലാ സൗന്ദര്യങ്ങളും പ്രദർശിപ്പിച്ച്, സംഗീത-നൃത്ത വിരുന്നൊരുക്കി, അന്തേവാസികളെ, അതിലെ പുതു തലമുറയെ മുഴുവൻ തന്നിലേക്കാകർഷിക്കും. പ്രത്യേകിച്ചും വിക്ടോറിയ ടെർമിനസും പരിസരവും, ഗേറ്റ്-വേ ഓഫ് ഇന്ത്യയും, മരൈൻ ലൈൻസും, ജുഹു ചൗപ്പാത്തിയും, പിന്നെ ഗ്രാന്റ് റോഡിലുള്ള ചുവന്ന തെരുവും.

സാധാരണ ബാച്ചിലർ റൂമുകളിൽ ഈ ദിവസങ്ങളിൽ രാപ്പാർട്ടികൾ നിത്യസംഭവങ്ങളാണ്. പക്ഷെ ഇന്നേവരെ അങ്ങിനെ ഒരു ഡിസംബർ 31 ഞങ്ങളുടെ റൂമിലുണ്ടായിട്ടില്ല.

രമേശേട്ടന്റെ നേതൃത്വത്തിൽ ഗണുവും വിനയനും അടങ്ങുന്ന സംഗീതക്കൂട്ടായ്മ നഗരത്തെ അറിയുവാൻ ഇറങ്ങി. ബാക്കിയുള്ള ഞങ്ങൾ എന്നത്തേയും പോലെയുള്ള ഒരു രാത്രിയുടെ ചിട്ടവട്ടങ്ങളിലേക്ക് നിമഗ്നരായി, മറ്റൊരു പുതുവർഷപ്പുലരിയെ വരവേൽക്കാനായി.

പുതുവർഷം ഞങ്ങൾക്കു നല്കിയത് കാഞ്ചൂർ റൂം മാറണമെന്ന വാർത്തയായിരുന്നു. മൂന്നു വർഷം താമസിച്ച റൂമിനോട് പൊതുവെപ്പറഞ്ഞാൽ ഞങ്ങൾക്കും വിരക്തി തോന്നിത്തുടങ്ങിയിരുന്നു. അയൽ പക്കം ചേച്ചി ഡോംബിവിലിയിൽ പുതിയ ഫ്ലാറ്റ് എടുത്ത് മാറിപ്പോയി. ദിവസേന രാവിലെ ബക്കറ്റും പിടിച്ചുള്ള വിരേചനത്തിനുള്ള യാത്ര എല്ലാവർക്കും മടുത്തു തുടങ്ങിയിരിക്കുന്നു. കേശവൻ ഇതിനകം തന്നെ കല്യാണിൽ കുളിമുറിയും കക്കൂസും അകത്തുള്ള ഒരു ചാൽ റൂമിലേക്ക് സ്ഥലം മാറി.

എന്തുകൊണ്ട് നമുക്കും അങ്ങിനെ ഒന്ന് തരപ്പെടുത്തിക്കൂടാ എന്ന് ആലോചനയിലേക്ക് വന്ന കാലത്താണ്, ഉർവ്വശീ ശാപം ഉപകാരമെന്ന പോലെ റൂം ഓണറുടെ ഓർഡർ. കല്യാണിൽ കേശവൻ മുഖാന്തിരം ഒന്നു രണ്ടു റൂമുകൾ കണ്ടെന്നാലും ഒന്നും പിടിച്ചില്ല. ശശിയുടെ സുഹൃത്ത് തോമസ് മുഖാന്തിരം ഡോംബിവിലി വെസ്റ്റിൽ ഒരു റൂം പോയി കണ്ടു. തരക്കേടില്ല. കക്കൂസും കുളിമുറിയും ഉള്ളിൽ തന്നെയുള്ള ഒരു മുറിയും, അടുക്കളയും പ്രത്യേകമായുള്ള ഒരു റൂം. പുതിയ നിർമ്മിതിയാണ്. അതു കൊണ്ടു തന്നെ വൃത്തിയുണ്ട്. 30,000 രൂപ ഡെപ്പോസിറ്റും 120 രൂപ വാടകയും. റൂമും പരിസരവും ഞങ്ങൾക്കെലാവർക്കും ഇഷ്ടപ്പെട്ടു. കൂടാതെ സ്റ്റേഷനിൽ നിന്നും 10 മിനിട്ട് നടക്കാനുള്ള ദൂരമേയുള്ളൂ. ഓഫീസിൽ നിന്നും 15000 രൂപയുടെ ഒരു ദീർഘകാല വായ്പയെടുത്തു. മാസം 500 രൂപ തിരിച്ചടവിൽ. ബാക്കി, പഴയ റൂമിന്റെ ഡെപോസിറ്റും, കയ്യിലുള്ള മിച്ചവും കൂടി ഒപ്പിക്കണം. പൈസ കടം തരുന്ന കാര്യത്തിൽ മധു സിൻഹാജി വിശാലഹൃദയനാണ്. ആ കടം വീടുന്നതു വരെ ഇനി ഈയൊരുത്തന്റെ ശമ്പള വർദ്ധനവിനെക്കുറിച്ച് ആവലാതി വേണ്ടല്ലോ എന്നതാണ് മൂപ്പരുടെ സമാധാനം. പലിശ ഒഴിവാക്കിക്കിട്ടുന്ന പണത്തിന്റെ വിധേയത്വം കൊണ്ട് നമ്മളും അതിനെപ്പറ്റി ഏറെ വ്യാകുലപ്പെടാറില്ല.

റൂമിലുള്ളവർ ഇപ്പോൾ രണ്ടു ഗ്രൂപ്പായി തിരിഞ്ഞിരിക്കുന്നു. രമേശേട്ടന്റെ നേതൃത്വത്തിലുള്ള സംഗീത ഗ്രൂപ്പ്. മറ്റൊന്ന് എന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും. ഡോംബിവിലിയിലെ റൂം എടുത്തത് എന്റെ നേതൃത്വത്തിലാണെങ്കിലും അവിടേക്ക് തൽക്കാലം അവരും കൂടെ വരുന്നുണ്ട്, മറ്റൊരു റൂം തരപ്പെടും വരെ. കൂടാതെ മുരളീ മോഹനനും സതീശന്റെ അമ്മാവന്റെ മകൻ സജീവനും കൂടെക്കൂടുന്നുണ്ട്.

1990 ഫെബ്രുവരി 17നു ഞങ്ങൾ കാഞ്ചൂർ മാർഗ്ഗ് റൂമിനോട് വിടപറഞ്ഞു. കാഞ്ചൂർ മാർഗ്ഗിൽ നിന്നും മൂന്നു നാലു തവണകളായി ഞങ്ങൾ സാധനങ്ങൾ ഒരു വിധം ഡോംബിവിലിയിലെത്തിച്ചു. എല്ലാവരുമൊത്തുള്ള അവസാന ട്രിപ് എത്തിയത് രാത്രി ഒന്നരക്ക്. എന്തൊക്കെപ്പറഞ്ഞാലും കാഞ്ചൂരിലെ റൂം വെള്ളത്തിന്റെ കാര്യത്തിൽ ഒരു ആശ്വാസമായിരുന്നു. വളരെക്കുറച്ചു ദിവസങ്ങളെ ഞങ്ങൾക്ക് വെള്ളം പുറത്ത് നിന്നും കൊണ്ടുവരേണ്ടി വന്നിട്ടുള്ളു. ഡോംബിവിലി റൂമിൽ വെള്ളം ഇനിയും എത്തിയിട്ടില്ല. ബിൽഡിംഗിന്റെ താഴെ ഗ്രൌണ്ടിൽ ഒരു പൈപ് ഉണ്ട്. രാവിലെ വെള്ളം വരും അപ്പോൾ പിടിച്ച് മുകളിൽ റൂമിലുള്ള ഡ്രമ്മിൽ കൊണ്ട് നിറക്കണം. അതൊരു പണി തന്നെയാണ്. ഞങ്ങൾ നാലഞ്ചു പേർ നിരന്ന് നിന്നാണ് വെള്ളം പിടിക്കൽ. അതിനിടയിൽ ഊഴം നോക്കുകയും വേണം. ബിൽഡിംഗിലെ 20 റൂമുകാരും കൂടി നിറച്ചു കഴിയുമ്പോഴേക്കും ഒരു മണിക്കൂറിലധികം പിടിക്കും. അതിനിടയിൽ വേണം എല്ലാവരുടെയും തേവാരവും മറ്റും കഴിക്കാൻ. കൂടാതെ വസ്ത്രം അലക്കലാണ് ഏറ്റവും വലിയ പണി. അത് ശനിയാഴ്ച രാത്രിയിലേക്കും ഞായറിലെ പകലിലെക്കും മാറ്റി വെക്കുന്നു. അന്ന് ബിൽഡിംഗിനു കുറച്ച് ദൂരെയായുള്ള ഒരു കുഴൽക്കിണറിൽ നിന്നും കൈപ്പമ്പ് ഉപയോഗിച്ചു വേണം വെള്ളമെടുത്ത് കഴുകാൻ. അലക്ക് കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ശരീരവും മനസ്സും തളർന്നിരിക്കും.

ഡോംബിവിലിയിൽ നിന്നും ഉള്ള ട്രെയിൻ യാത്ര ഒട്ടുമിക്കവർക്കും ഒരു കടമ്പയാണ്. പ്രത്യേകിച്ചും രാവിലെ, അക്കാലത്തെ നാലാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നും വി ടി ട്രെയിനിൽ കയറിപ്പറ്റുകയെന്നത്. തിങ്ങി നിറഞ്ഞെത്തുന്ന ദീർഘദൂര ലോക്കൽ ട്രെയിനുകളിൽ പോലും ഡോംബിവിലിക്കായി കുറച്ച് സ്ഥലം ഒഴിച്ചിട്ടിരിക്കും. ആ ഇടത്തിലേക്ക് ഇടിച്ചു കയറി തങ്ങളുടെതായൊരിടം സൃഷ്ടിക്കുകയെന്നത് ഡോംബിവിലിക്കാരുടെ കലയാണ്. ആ കല സ്വായത്തമാക്കുവാനുള്ള മെയ് വഴക്കം ആർജ്ജിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് ലോകത്തിലെ ഏതു സ്റ്റേഷനിൽ നിന്നും എത്ര തിരക്കുള്ള വണ്ടിയിലും ഇടിച്ചു കയറാം. ആദ്യദിവസം, ആദ്യ യാത്രയിൽ തന്നെ, വന്ന ആദ്യ വണ്ടിയിൽ ഉന്നം പിടിച്ച് വാതിലിന്റെ നടുക്കമ്പിയിൽ ആഞ്ഞു പിടിച്ച്, ഉള്ളിലേക്ക് നാലാമനായി കയറാനെനിക്കായി. ജീവിതത്തിൽ നാം ജയിച്ചു കയറുന്ന അമൂല്യനിമിഷങ്ങളിലൊന്ന്. കയറി മുന്നോട്ട് കുതിച്ച്, ചരിഞ്ഞ്, ഇടതോ, വലതോ ഒഴിഞ്ഞ ഇടത്തിലേക്ക് കയറിപ്പറ്റാനായാൽ നിങ്ങൾ അതിഭാഗ്യവാൻ. ഇല്ലെങ്കിൽ നിമിഷനേരത്തേക്കുള്ള പിൻ തള്ളലുകൾ അതിജീവിച്ച് കണ്ണടച്ച് താനെസ്റ്റേഷൻ വരെ ധ്യാനിച്ചൊരു നിൽപ്പ്. ധ്യാനം വശമില്ലാത്തവർക്ക് എല്ലാം മറന്നൊരു 15 നിമിഷത്തിന്റെ ഉറക്കം തരാക്കാം. സ്വപ്നങ്ങൾ കാണാം. മുക്കാൽ മണിക്കൂറിനുള്ളിൽ മൂന്നു സ്റ്റേഷനുകൾക്കപ്പുറം നിങ്ങൾ ദാദറിലെത്തുകയായി.

ആദ്യ ദിവസം വിജയിച്ചെന്നാലും, പക്ഷെ, ഈ രീതി എനിക്ക് പൊതുവെ സ്വീകാര്യമായിത്തോന്നിയില്ല. ഞാൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും കയറാവുന്ന സെമി ഫാസ്റ്റ് വണ്ടികളിലേക്ക് ചേക്കേറി. അതാണ് യാത്രാസമയം കൂടുമെങ്കിലും, കുറച്ചു കൂടി സൗകര്യപ്രദം. നാലാം നമ്പറിൽ നിന്നു കയറുന്ന അതേ തഞ്ചത്തിൽ, ഉന്നം പിടിച്ച്, വണ്ടി നിൽക്കും മുമ്പ് കയറിയാൽ, അക്കാലത്ത് ഉള്ളിലെത്തി സീറ്റുകൾക്കിടയിൽ രണ്ടാമനോ, മൂന്നാമനോ ആയി നിൽക്കാനിടം കിട്ടുമായിരുന്നു. ചെന്നെത്തുന്നത് ഒരു ശീട്ടുകളിസംഘത്തിലേക്കാവരുതെന്ന് മാത്രം.

ഉള്ളിലെത്തി കയ്യിലെ ബാഗ് മുകളിലെ റാക്കിലേക്ക് നിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നെ ഒരു മണിക്കൂർ നിങ്ങൾക്ക് മാത്രമുള്ളതാണ്. ആ സമയം എങ്ങിനെ വിനിയോഗിക്കണം എന്നത് ഓരോരുത്തരുടെയും ഇഷ്ടം. അവിടെ നേരം കളയാൻ ശീട്ടുകളിക്കുന്നവരുണ്ട്, കണക്കെഴുതിവെച്ച്, പണം പങ്കുവെച്ച് കളിക്കുന്നവരുണ്ട്. ഇലത്താളം കൊട്ടി, ഡോലക്ക് വായിച്ച് ഷിർഡി സായി ബാബയുടെ സാമഗാനങ്ങൾ പാടുന്നവരുണ്ട്. ഭജനസംഘങ്ങളുണ്ട്. പഴയ റാഫി, മുകേഷ് പ്രഭൃതികളുടെ അനശ്വര ഗാനങ്ങൾ പാടി നിങ്ങളെ പതിറ്റാണ്ടുകൾ പിന്നിലോട്ട് കൊണ്ടുപോകുന്നവരുണ്ട്. ഇനി ഇതിലൊന്നും താല്പര്യമില്ലാത്ത നിങ്ങൾക്ക് സ്വപ്നലോകത്തിൽ ലോകത്തിൽ വ്യാപരിക്കാം.

മേല്പ്പറഞ്ഞവയിൽ ഒടുവിലത്തേതൊഴിച്ച് മറ്റൊന്നിലും താല്പര്യമില്ലാത്ത ഞാൻ വായനയുടെ ലോകത്തിലേക്ക് ആകൃഷ്ടനാകപ്പെട്ടു. ഡോംബിവിലി കേരളീയ സമാജത്തിൽ മാപ്രാണം ദാമോദരേട്ടൻ മുഖേന അംഗത്വമെടുത്തു. കേരളത്തിലെ ഏതൊരു ലൈബ്രറിയോടും കിടപിടിക്കുന്ന ലൈബ്രറിയാണ് കേരളീയ സമാജത്തിന്റെ ലൈബ്രറികൾ. ഈസ്റ്റിൽ രണ്ടും വെസ്റ്റിൽ ഒരു ലൈബ്രറിയുമാണ് അക്കാലത്തുണ്ടായിരുന്നത്. അവയിൽ ഈസ്റ്റിലെ നെഹ്രു മൈതാനത്തിനടുത്ത ലൈബ്രറിയായിരുന്നു പുതകങ്ങളുടെ എണ്ണത്തിൽ അതിൽ വലുത്. എല്ല ദിവസവും വൈകീട്ട് 7 മണി മുതൽ 9 മണി വരെ തുറന്നിരിക്കുന്ന ലൈബ്രറിയിൽ അങ്ങിനെ ഞാനും അംഗമായി.

ഡോംബിവിലിയിലെ ആദ്യ ഞായർ ദിനം. വൈകിയുണർന്നെണീറ്റ് വെള്ളം പിടിച്ച് വീട്ടിലെ അല്ലറ ചില്ലറപണികൾ ചെയ്ത് കൂടി. അടുക്കളയിലൊരു സ്റ്റാൻഡ് ഫിറ്റ് ചെയ്തു. വീട്ടിലേക്കു വേണ്ടുന്ന പലതും ഒരുക്കാൻ ബാക്കിയാണ്. സാമ്പത്തിക പരാധീനതകൾ വിലങ്ങുതടിയായി നിൽക്കുന്നു. വൈകീട്ട് ഡോംബിവിലി പൊന്നു ഗുരുവായൂരപ്പനെ ദർശനം നടത്തി. അമ്പലത്തിൽ വെച്ച് KEM രാമനാഥേട്ടനെയും സീതചേച്ചിയെയും കണ്ടു. മൂത്തമകന്റെ വേർപാടിനു ശേഷം ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ചു നൽകിയ ചെറിയ അനിലിനെ കണ്ടു.

രാത്രി റൂമിൽ കിഴക്കേയറ്റം മുതൽ പടിഞ്ഞാറെയറ്റം വരെ വിരിച്ചു കിടന്നാലേ എല്ലാവരേയും കൊള്ളൂ. അതു കൊണ്ട് തന്നെ ഉല്ലാസ് നഗറിൽ നിന്നും വാങ്ങിയ ഞങ്ങളുടെ ഇരുമ്പു കട്ടിൽ കാഞ്ചൂർമാർഗ്ഗിലുപേക്ഷിച്ചു. ഉറക്കം വരാതെ കിടന്ന ആ രാത്രികളിൽ, ഇനിയും വെച്ചും വിളമ്പിയും ജീവിക്കാൻ വിധിക്കപ്പെട്ടതിന്റെ സങ്കടങ്ങൾ തികട്ടിയപ്പോൾ, കല്യാണം കഴിക്കാത്തതിന്റെ അസ്വസ്ഥതകളും വൈഷമ്യങ്ങളും പതിയെ പൊങ്ങി കുത്തിനോവിച്ചപ്പോൾ, ആരൊ അവയെല്ലാം ഉറക്കെപ്പറഞ്ഞുകൊണ്ട് തൊട്ടടുത്തു കിടന്ന് ഉറക്കം പിടിച്ചു തുടങ്ങിയ പ്രായത്തിലേറ്റവും ചെറിയവനെ ആഞ്ഞൊരു ചവിട്ടു കൊടുത്തു. അവനാകട്ടെ ഉറക്കത്തിൽ തൊട്ടപ്പുറത്തു കിടന്നവനത് പകർന്നു നൽകി. അങ്ങിനെ സങ്കടക്കടൽ പെട്ടെന്ന് ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി.

0

Leave a Reply

Your email address will not be published. Required fields are marked *