Mumbai Bachelor Life – Part 17

ആൾക്കൂട്ടത്തിന്റെ തിരക്കിനിടയിൽ നിന്നും ഇടക്ക് ഏകനാവുന്നത് രസകരമാണ്. ആ നിമിഷത്തിൽ സ്വയം തന്നിലേക്കൊതുങ്ങിക്കൂടി നമ്മുടെതായ ലോകത്തിലേക്കൊരു സഞ്ചാരം. അത്തരമൊരു നിമിഷത്തിന്റെ നിർവൃതിയിലാണ്, പ്രണയ പരവശതയിലാണ് ഞാൻ ആദ്യമായി അവൾക്കൊരു കത്തെഴുതിയത്. അതിനെ പ്രേമലേഖനമെന്ന് വിളിക്കാമോ എന്നറിയില്ല.

പ്രിയപ്പെട്ട കുട്ടി,
എങ്ങിനെയെവിടെ തുടങ്ങണം, എപ്പോൾ തുടങ്ങണം, പറയണം, എന്നിങ്ങനെ ഒരായിരം സനേഹങ്ങളുമായി അന്തഃകരണം മടിച്ചു നില്ക്കയായിരുന്നു. പലപ്പോഴും ആ ഉദ്വേഗത്തിന്റെ അക്ഷരങ്ങൾ പുറത്തു വരാതെ എന്റെ തൊണ്ടയിലുടക്കിയിട്ടുണ്ട്. ഇനിയും മുഖവുര കൂടാതെ പറയാം.
‘ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു’. ഒരായിരം തവണ മനസ്സിൽ പറഞ്ഞ, നിന്നോടുരുവിട്ട മന്ത്രാക്ഷരങ്ങൾ ഇന്നാദ്യമായി അക്ഷരങ്ങളിലൂടെ, വാക്യത്തിലൂടെ, നിന്നോട് പറയട്ടെ.

ബാല്യം മുതൽ അന്യോന്യമറിയുന്നവരാണ് നാം. എനിക്ക് നിന്നോടിഷ്ടം തോന്നിത്തുടങ്ങിയത് എന്നാണെന്നറിഞ്ഞു കൂടെങ്കിലും അതിന് സംവൽസരങ്ങളുടെ ദൈർഘ്യമുണ്ട്. ഏറെ ആശിച്ചിട്ടുണ്ടെങ്കിലും, നിന്റെ മനസ്സറിയുവാൻ ഞാനിന്നേവരെ ശ്രമിച്ചിട്ടില്ല. ഇക്കാര്യത്തിൽ നിന്റെ അഭിപ്രായത്തിന് തക്ക പ്രസക്തിയുണ്ടെന്നു ഞാൻ വിശ്വസികുന്നു. നിനക്കതു തുറന്നു പറയാം.

നിന്റെ വാക്കുകൾക്കായി കാതോർത്തുകൊണ്ട്,
സ്നേഹപൂർവ്വം..

ആദ്യത്തെ പ്രേമലേഖനം വാക്യങ്ങളായി പരിണമിച്ചിട്ടും സന്ദേഹിയുടെ ഡയറിക്കുറിപ്പിനപ്പുറം പ്രയാണം ചെയ്യുവാനാവാതെ താളിലുറങ്ങിക്കിടന്നു.

വൈകുന്നേരം നാട്ടിൽ നിന്നും അമ്മയുടെ കത്തെത്തി. അമ്മയുടെ അനുജൻ നാരായണമ്മാമൻ വളരെക്കാലത്തിനു ശേഷം നാട്ടിൽ വന്നു കൂടിയിരിക്കുന്നു. വീട്ടിൽ അത്യാവശ്യം മരാമത്തും വെള്ളപൂശലും ഒക്കെയായി ഉഷാറിൽ. ശോഭ വളർന്ന് കല്യാണപ്രായമെത്തിയിരിക്കുന്നു. അതിനു മുമ്പായി വീടൊക്കെ ഒന്ന് നേരെയാക്കണമെന്ന് മൂപ്പർ പറയുന്നു. അതിലേക്കായി കുറച്ച് പൈസ വേണം. അയച്ചു കൊടുത്തു.

ജീവിതത്തിലാദ്യമായി സമ്മതിദാനാവകാശം വിനിയോഗിച്ചു. ഒമ്പതാം ലോകസഭ തിരഞ്ഞെടുപ്പിലായിരുന്നു അത്. നല്ലൊരു തെരുവു പ്രസംഗം പോലും കേൾക്കാനാവാത്ത, സ്ഥാനാർത്ഥികളെപ്പോലും നേരിട്ടറിയാത്തൊരവസ്ഥയിലായിരുന്നു അത് വിനിയോഗിക്കപ്പെട്ടത്.

കേരള രാഷ്ട്രീയം വെച്ചു നോക്കുമ്പോൾ ഇവിടത്തെ അന്തരീക്ഷം വ്യത്യസ്തമാണ്. നഗരത്തിന്റെ തിരക്കുകളിൽ ഭൂരിഭാഗത്തിനും വ്യക്തമായ രാഷ്ട്രീയ വീക്ഷണങ്ങളോ പക്ഷമോ ഇല്ല. ഇനി തന്റെ നാട്ടിൽ വെച്ച് അങ്ങിനെയൊരു പക്ഷമുള്ളവർ പോലും നഗരരീതികളിലെത്തുമ്പോൾ, ഇവിടത്തെ സഖ്യങ്ങളിലും ചേരികളിലും താല്പര്യമില്ലാതെ നിഷ്പക്ഷരാവുന്നു.

കോൺഗ്രസ് അമ്പേ പരാജയപ്പെട്ട തിരഞ്ഞെടുപ്പിൽ വി പി സിംഗ് എഴാം ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

പിഷാരോടി സമാജം വാർഷികാഘോഷം ദാദറിലെ വനാമാലി ഹാളിൽ വെച്ച് ഡിസംബർ 2ന് നടത്തപ്പെട്ടു. കുറച്ച് ഡാൻസ്, ലൈറ്റ് മ്യു‍ൂസിക് എന്നിവയൊഴിച്ച് കാര്യമായ പരിപാടികളൊന്നും തന്നെയില്ലാത്തൊരു വർഷം. ഗണേശന്റെ ബലികുടീരങ്ങളെ ഒരിക്കൽ കൂടി സമാജം വേദിയിലൂടെ കേട്ടു.
ആനന്ദ് റെക്കോർഡിംഗിലുണ്ടായിരുന്ന ബാബു ഗൾഫിൽ ജോലി കിട്ടി യാത്രയായി. ആ ഒഴിവിലേക്ക് ബോംബെക്ക് തിരിച്ചെത്തിയ രമേശേട്ടനെ നിയമിച്ചു.

വിനയൻ, രമേശേട്ടൻ, ഗണു എന്നിവർ ചേർന്ന് ഒരു റൂം ഏടുത്ത് മാറാൻ ആലോചന. സംഗീതപഠനമാണ് മുഖ്യ അജണ്ട.

നാട്ടിൽ നിന്നും അമ്മയുടെ കത്ത്. പറ്റുമെങ്കിൽ ഒന്നിവിടം വരെ വന്നു പോകണമെന്ന്. ഫോൺ സാർവത്രികമാവാത്ത കാലത്ത് സംഗതികളുടെ നിജസ്ഥിതി കത്തുകളിലൂടെ മുഴുവനറിയാ നാകുമായിരുന്നില്ല. എന്തായാലും അമ്മ ചെല്ലാൻ പറഞ്ഞ സ്ഥിതിക്ക് എന്തെങ്കിലും ഗൗരവതരമായ കാര്യമുണ്ടാവുമെന്ന് തന്നെ കരുതി ഞാനും ശശിയും നാട്ടിലേക്ക് പുറപ്പെട്ടു. പെട്ടെന്നെടുത്ത തീരുമാനമാകയാൽ തന്നെ ട്രെയിനിന് ടിക്കറ്റ് കിട്ടിയില്ല. ക്രിസ്മസ് അവധി അടുത്തതിനാൽ ബസിന് തിരിച്ചു. ബസിലും തിരക്കുള്ള സമയം. ബാക്ക് സീറ്റിലായിരുന്നു റിസർവേഷൻ കിട്ടിയത്. പിറ്റേന്ന് മംഗലാപുരമെത്തിയപ്പോഴേക്കും ശരീരം കഷണങ്ങളായ അവസ്ഥ.

വൈകുന്നേരത്തോടെ കണ്ണനിവാസിലെത്തി. ചർച്ചയിൽ കാര്യങ്ങൾ വ്യക്തമായി, മനസ്സ് കരട് നീങ്ങി തെളിഞ്ഞു. ആഗ്രഹങ്ങളും അവയോടനുബന്ധിച്ച ഊരാക്കുടുക്കുകളും ഏതൊരാളുടെ ജീവിതത്തിലും വന്നെത്താം. അവയെ ദീർഘകാലാടിസ്ഥാനത്തിൽ അപഗ്രഥനം ചെയ്ത് ഒരു തീരുമാനമെടുക്കുക എന്നതിനാണ് പ്രാധാന്യം. അതിലകപ്പെട്ടവർ ശരിയായ തീരുമാനമെടുത്ത് കാര്യങ്ങ്ൾക്ക് വ്യക്തത കൈവരുത്തിയിരിക്കുന്നു.

അധികം വൈകാതെ തൃപ്രയാറെത്തി.

രാമചന്ദ്രന് ലൂപ്പിനിൽ ജോലി, നാട്ടിൽ തന്നെ കിട്ടി. രാജേശ്വരിക്ക് ഒരാലോചന വന്നിരിക്കുന്നു. ഉള്ളിന്റെയുള്ളിലൊളിപ്പിച്ചു വെച്ച ആഗ്രഹം തുറന്നു പറഞ്ഞില്ല. വീണ്ടും അവ തൊണ്ടയിലുടക്കിക്കിടന്നു. ആദ്യം ശോഭയുടെ കാര്യങ്ങൾ ശരിയാകണം. അതു കഴിഞ്ഞേ എന്റെ ആഗ്രഹങ്ങൾ എവിടെയും പറയാവൂ എന്ന് മനസ്സ് പറയുന്നു. അതുവരെ ആഗ്രഹങ്ങൾ മനസ്സിന്റെ ഒരു കോണിലുറങ്ങട്ടെ.

രാവിലെ തൃപ്രയാർ സെന്ററിൽ ബസ് സ്റ്റോപ്പിൽ വെച്ച് രമാബായിയെ കണ്ടു. കോളേജ് ദിനങ്ങളിൽ ക്ലാസിലെ പഠിത്തക്കാരിയായിരുന്നു രമാബായി. അക്കാലത്ത് പഠന വിഷയങ്ങളിൽ പരസ്പരം നല്ലൊരു ബന്ധം കാത്തു സൂക്ഷിച്ചിരുന്ന, കാഴ്ചയിൽ കാര്യമായ മാറ്റങ്ങളില്ലാത്ത രമയെ ആറു വർഷത്തിനുശേഷം കണ്ടു മുട്ടിയപ്പോൾ ചിരിച്ച്, ചെന്ന്, എന്തൊക്കെ വിശേഷങ്ങളെന്ന് ചോദിച്ചപ്പോൾ പെട്ടെന്ന് രമയുടെ മുഖത്തുണ്ടായ ഭാവം എന്നെ തെല്ലൊന്നമ്പരപ്പിച്ചു. എതോ ഒരപരിചിതനോടുള്ള ഭാവം. ഒടുവിൽ പറഞ്ഞു മനസ്സിലാക്കേണ്ടി വന്നു ഇത് ഞാനാണെന്ന്. മനസ്സിലായപ്പോഴാവട്ടെ, “മുരളിയോ.. ഏത്, ആ ചെറിയ മുരളിയോ”.. എന്നൊരു ചോദ്യവും. ഞങ്ങളുടെ സമാഗമം ബസ് സ്റ്റോപ്പിലെ കാഴ്ചക്കാർക്കൊരു ചിരിവിരുന്നായി. പ്രത്യേകിച്ച് എന്റെ കൂടിയുണ്ടായിരുന്ന തുളസിചേച്ചിക്ക്.

വീണ്ടും തിരിച്ച് കണ്ണനിവാസിലെത്തി. അതിനിടയിൽ സിനിമകൾ പലതു കണ്ടു.

ഒരു ദിവസം ഉച്ചക്ക് പെരിന്തല്മണ്ണക്കൊരു യാത്ര. അതിനിടയിൽ വളയം മൂച്ചിക്കുള്ള യാത്രാമദ്ധ്യേയുള്ള കള്ളു ഷാപ്പിനു മുമ്പിലിരുന്ന് പരിയാണി വിളിച്ചു. “തമ്പ്രാ.. ഒരു കുപ്പി കഴിയ്ക്കാ.” സ്നേഹത്തോടെയുള്ള ആ ആതിഥേയത്വം നിരസിച്ചെന്നാലും, കുടിക്കാറില്ലെന്ന് പറഞ്ഞത് പരിയാണിക്ക് സമ്മതമായിട്ടില്ല. നഗരത്തിൽ പാർത്ത് കുടിക്കാത്ത ചെറുപ്പക്കാരുണ്ടോ എന്ന് ചോദിക്കുന്നു. ചോദ്യത്തിനുത്തരം ഇല്ലെന്നു തന്നെയാണ്. പക്ഷെ വാറ്റിന്റെ തീ കത്തുന്ന രുചി അറിഞ്ഞിട്ടില്ല. അറിയനൊട്ടാഗ്രഹവും തോന്നിയിട്ടില്ല.

വീണ്ടും തിരിച്ച് ബോംബെക്ക്. ഇത്തവണ റിസർവേഷനില്ലാതെയാണ് യാത്ര. ഇനിയും ടിക്കറ്റ് വെയിറ്റിം ലിസ്റ്റിൽ തന്നെ. പെട്ടി അതെ വണ്ടിയിലുള്ള സതീശന്റെ കയ്യിൽ എല്പ്പിച്ച് ജനറൽ കമ്പാർട്ട്മെന്റിൽ കയറിപ്പറ്റി. കൂട്ടിന് ബോംബെക്കു പോകുന്ന മൂന്ന് മുസ്ലിം കച്ചവടക്കാരും. രക്തദാഹികളായ മൂട്ടകൾ അവിഘ്നം തേരോട്ടം നടത്തുന്ന മരപ്പലക വിരിച്ച ജനറൽ കമ്പാർട്ട്മെന്റിൽ മറ്റൊന്നിലേക്കും ശ്രദ്ധ തിരിച്ചു വിടാനാവാതെ ബോംബെ വരെയൊരു യാത്ര.

By Murali

Leave a Reply

Your email address will not be published. Required fields are marked *