Mumbai Bachelor Life – Part 13

ദാദർ സ്റ്റേഷനിൽ വണ്ടി ചെന്ന് നിന്നപ്പോൾ സമയം 7 മണി കഴിഞ്ഞിരുന്നു. വായനയുടെ രസം പിടിച്ച് പുസ്തകവുമായാണ് മുകളിലെ ബർത്തിലേക്ക് തലേന്ന് കയറിയത്. വായനയിൽ നിന്നും ഉറക്കത്തെ വേർതിരിച്ചെടുക്കാനാവാത്തൊരവസ്ഥയിലൂടെ എത്ര നേരം സഞ്ചരിച്ചുവെന്നത് ഓർമയില്ല. കൂടെ പാലക്കാട്ടു നിന്നു കയറിയൊരു സഹയാത്രികനാണ് വിളിച്ചുണർത്തിയത്. കയ്യിൽ കിട്ടിയതെല്ലാം വലിച്ചെടുത്ത്, നീങ്ങിത്തുടങ്ങിയ വണ്ടിയിൽ നിന്നും പുറത്തേക്ക് ചാടിയിറങ്ങി.

ഇപ്പോൾ ആ സ്റ്റേഷൻ അയാൾക്ക് അപരിചിതമായിത്തോന്നിയില്ല. അഞ്ചു വർഷം മുമ്പ് വന്നിറങ്ങിയ അതേ സ്റ്റേഷൻ. ആദ്യത്തെ വരവിലെ അമ്പരപ്പിനും അന്ധാളിപ്പിനുമപ്പുറം മുമ്പിൽ കണ്ട ജനക്കൂട്ടത്തിനു പകരം ഇപ്പോൾ തന്റെ മുമ്പിൽ നില്ക്കുന്നത് കുറച്ചു കൂലികൾ… പെട്ടിയെടുക്കാൻ ആളു വേണ്ടേയെന്ന അവരുടെ ചോദ്യത്തിന് ഉത്തരം കൊടുത്തത് പരിഭമിച്ച് അരികിലേക്കോടിയെത്തിയ സതീശനായിരുന്നു. “നഹീ.. ഹം ഖുദ് ലേകെ ജായെംഗെ”. സതീശനും ശശിയും, വണ്ടി വിട്ടിട്ടും എന്നെക്കാണാഞ്ഞ് പരിഭമിച്ച് പ്ലാറ്റ്ഫോമിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി തിരയുകയായിരുന്നു.

കൊല്ലത്തുകാരൻ സുരേഷ് റൂം മാറിപ്പോയിരിക്കുന്നു. റൂമിലേക്ക് ഇടക്കിടെ വന്നു കൊണ്ടിരിക്കുന്ന അതിഥികളുടെ ബാഹുല്യം ഇഷ്ടപ്പെടാതെ മാറിപ്പോയതാണത്രെ. അഞ്ചു പേരെ കഷ്ടിച്ചു കൊള്ളുന്ന, ഇപ്പോൾ ആറു പേരുള്ള റൂമിലേക്ക് അപ്പുണ്ണിയേട്ടന്റെ വരവും, വിജയന്റെ ഹ്രസ്വ സന്ദർശനവും മൂപ്പരെ അലോസരപ്പെടുത്തിയിരിക്കാം.

ഏതായാലും വിജയൻ മുറക്ക് ഇന്റർവ്യൂകൾക്ക് പോയിവരുന്നുണ്ടെന്നാലും ഭാഗത്തിനായി നാട്ടിലേക്ക് പോകാതിരിക്കാനാവില്ലെന്ന് പറയുന്നു. ബാംഗ്ലൂർ വഴി നാട്ടിലേക്ക് ടിക്കറ്റ് ബുക് ചെയ്തിരിക്കുന്നു. അപ്പുണ്ണിയേട്ടനും ഇന്റെർവ്യൂകൾക്കായി പോയി വരുന്നു. അപ്പുണ്ണിയേട്ടന്റെയും വിജയന്റെയും തട്ടകം ബോംബെയല്ല എന്ന് എന്റെ മനസ്സ് പറയുന്നു. ജോലിയില്ലാതെ ഇരുവരും ഇവിടെ ബോംബെയിൽ നിൽക്കുന്നത് എനിക്ക് ക്ഷീണമാണ്. വീട്ടാത്ത കടങ്ങൾ ദൈവത്തിന്റെ കയ്യിലെ നീക്കിയിരുപ്പുകളാണല്ലോ.. അതങ്ങിനെത്തന്നെ തുടരട്ടെ. നാട്ടിൽ നിന്നും അമ്മമ്മ പറഞ്ഞയച്ചതനുസരിച്ച്, ഒന്നും ശരിയായില്ലെങ്കിൽ, അപ്പുണ്ണിയേട്ടനും അടുത്തു തന്നെ നാട്ടിലേക്ക് വണ്ടി കയറും.

ജനുവരി, ബോംബെയിൽ തണുപ്പു അതിന്റെ മൂർദ്ധന്യത്തിൽ. വരണ്ടുണങ്ങുന്ന ശരീരപ്രകൃതിക്കാരനായ ഞാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത കാലാവസ്ഥയാണ് തണുപ്പുകാലം. സമാജം ഒരു പിക്നിക് സംഘടിപ്പിക്കുന്നു. കർണാൽ പക്ഷി സങ്കേതത്തിലേക്ക്. ആശാൻ പിക്നികിനു ക്ഷണിച്ചു. റൂമിലുള്ള സഹവാസികളെയെല്ലാം കൂട്ടുവാൻ പറയുന്നു. വിജയനും, വിനയനും മറ്റുള്ളവരും സമ്മതിച്ചപ്പോൾ ഞങ്ങൾ പോകാൻ തീരുമാനിച്ചു. ദാദറിൽ നിന്നും 3 സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളിലായി നൂറ്റി മുപ്പതോളം പേർ പൻവേലിനപ്പുറം ഗോവ ഹൈവേയിൽ ഉള്ള കർണാല പക്ഷി സങ്കേതത്തിലെത്തി. വനമദ്ധ്യത്തിലൂടെ ചെറിയൊരു ട്രെക്കിംഗ് നടത്തി. കുറച്ച് കിളികളെ കണ്ട്, അതിലേറെ പ്രകൃതിയെ തൊട്ടറിഞ്ഞ്, ഞങ്ങൾ കായിക വിനോദങ്ങളിലേക്ക് തിരിഞ്ഞു. മഞ്ഞക്കിളികളും, പച്ചപ്പനന്തത്തകളും വിഹരിച്ചൊരു മൈതാനത്തായിരുന്നു കായിക വിനോദങ്ങൾ ഒരുക്കിയിരുന്നത്. ചെറുപ്പക്കാരായ ഞങ്ങൾ അതെല്ലാം അറിഞ്ഞാസ്വദിച്ചു.

വിജയൻ നാട്ടിലേക്ക് യാത്രയായി. ഒരാഴ്ചക്കപ്പുറം അപ്പുണ്ണിയേട്ടനും. സതീശനും ലീവിൽ നാട്ടിലേക്ക് പോകുന്നു.

അപ്പോൾ അങ്ങകലെ കൊണ്ടോട്ടിക്കടുത്തുള്ള അരീക്കോട്ടു നിന്നും മറ്റൊരു പുതുമുഖം ബോംബെക്ക് വണ്ടി കയറാനുള്ള തയ്യാറെടുപ്പിലായിരുന്നു. രാജമന്ദിരം കുട്ടേട്ടനോട് രമേശേട്ടൻ സംസാരിച്ച് ശരിയാക്കിയെന്ന് പറഞ്ഞ ജോലിക്കായി പൂനയിലെക്ക്. അതിനു മുമ്പുള്ള ഇടത്താവളമാണ് ബോംബെ. ബോംബെയിൽ വന്ന് കുട്ടേട്ടനെ കണ്ടിട്ടു വേണം പൂനക്ക് പോവാൻ.

മുരളീ മോഹൻ നാട്ടിൽ നിന്നുമെത്തി. വിനയന്റെ അമ്മാവൻ ഗൾഫിൽ വെച്ച് മരിച്ചതു കാരണം അവനും നാട്ടിലേക്ക് തിരിച്ചു. അതു കൊണ്ടു തന്നെ തല്ക്കാലം റൂമിൽ ഒരാളെക്കൂടി ഉൾക്കൊള്ളാൻ പ്രശ്നമില്ല. പിന്നെ, പൂനെക്കു പോവാൻ തയ്യാറായി വന്ന മുരളി മോഹനനെ സംബന്ധിച്ചിടത്തോളം ഇതൊരു ഇടത്താവളമാണല്ലോ.

നാട്ടിൽ നിന്നും അമ്മിണി ഓപ്പോളുടെ കത്ത്. ബോംബെക്ക് പോന്നാലോ എന്നാലോചിച്ചിരുന്ന രാമചന്ദ്രന് നാട്ടിൽ തന്നെ ജോലി കിട്ടി. ലൂപിനിൽ മെഡിക്കൽ റെപ് ആയിട്ട്. കോഴിക്കോട് ലോഡ്ജിൽ താമസം. മകരക്കൊയ്ത്ത് കഴിഞ്ഞുവത്രെ. വിള മോശമില്ല. കുണ്ടോളിക്കടവിലെ കോൾപ്പാടത്ത് ആദ്യ വിള കന്നിയിൽ നടീലും, രണ്ടാം വിള മകരക്കൊയ്ത്തിനു ശേഷം വിതയുമാണ്. തൃപ്രയാറുണ്ടായിരുന്ന 7 വർഷം നോക്കി നടത്തിയ നെൽകൃഷി ഇപ്പോൾ നടത്തുന്നത് കരുണാകര വല്യച്ഛൻ.

നാട്ടിലുണ്ടായിരുന്ന കാലം.. വിത തിന്നാൻ വരുന്ന രാക്കിളികളെ ഓടിക്കാൻ പാട്ട കൊട്ടി പാടത്ത് കഴിഞ്ഞ രാവുകൾ മനസ്സിലേക്കോടിയെത്തി. രാത്രിയിലെ മകരമഞ്ഞിന്റെ തണുപ്പകറ്റാൻ ചപ്പിലകത്തിച്ച് തീകാഞ്ഞിരിക്കും. ഉണർന്നിരുന്ന ആ രാത്രികളിലും സ്വപ്നം കാണാറുണ്ടായിരുന്നു. അന്നു കൊട്ടിയ പാട്ടയുടെ ശബ്ദം, ആ മന്ത്രധ്വനി, ദേശാടകരായ രാക്കിളികളുടെ കാതുകളിൽ നിന്നും മാഞ്ഞിരിക്കാം. പക്ഷെ ദേശാടകനായി മാറിയ ഈ വഴിപോക്കന്റെ കാതിലിന്നും അവ ഇരമ്പൽ കൊള്ളുന്നുണ്ട്.

മുരളീ മോഹനനെയും കൊണ്ട് കുട്ടേട്ടനെ കണ്ടു. പൂനയിൽ സംസാരിച്ച് ശരിയാക്കാമെന്ന് പറയുന്നു. പ്രീ ഡിഗ്രിക്കു ശേഷം സിവിൽ ഡ്രാഫ്ട്സ്മാൻ കോഴ്സ് കഴിഞ്ഞെത്തിയ മുരളിക്ക് അവിടെ ശരിയാക്കാമെന്ന് പറയുന്നത് സൂപ്പർവൈസർ ജോലി.

അന്നൊരു രാത്രിയിൽ, സ്വപ്നങ്ങളിൽ ഒരു മാലാഖ അയാളുടെ അരികിലേക്കിറങ്ങി വന്നു. സ്ത്രീ സൗന്ദര്യത്തിന്റെ മൂർത്തിമത് രൂപം. കുളികഴിഞ്ഞീറൻ ചുറ്റിയ ശരീരം. അവളുടെ ഛായ അവ്യക്തമായിരുന്നു. ആരുടെയെല്ലാമോ ഛായകൾ സമഞ്ജസിച്ചോരു സുന്ദരീ ശില്പ്പം. ആ ഛായകളെ ഇഴപിരിക്കാനുള്ള അയാളുടെ ശ്രമം വൃഥാവിലായി. ഇപ്പോളാ സൗന്ദര്യധാമം അയാളെ നോക്കി പുഞ്ചിരിച്ചു. നടന്നു നീങ്ങിയ അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന അഭിനിവേശം അയാളെ അവളിലേക്കാകർഷിച്ചു. ആ ഉടലിന്റെ ധാരാളിത്തത്തിൽ, ഒരു നിമിഷം ഭോഗതൃഷ്ണ അയാളെ വേട്ടയാടി. ഉടലോടുടൽ ചേരാൻ വെമ്പി. അനിവാര്യമായൊരു വേഴ്ചയിലേക്കയാളുടെ ശരീരം നീങ്ങാൻ കൊതിക്കവെ, പൊടുന്നനെ അയാളുടെ മനം പശ്ചാത്താപഭാരം കൊണ്ട് മൂടി. പവിത്രമായ ഇണ ചേരലിനെ ഇത്രയും ലാഘവത്തോടെ ദർശിച്ചതിന് മാപ്പു ചോദിച്ചു. ഈശ്വര.. ഇത്തരം കൗമാര ചാപല്യങ്ങളിൽ നിന്നെന്നെ രക്ഷിക്കേണമേ.

അതെ, ആണുങ്ങൾ സ്വതവേ സ്വാർത്ഥരാണ്. തന്നിലെ കാമാവേശത്തെ തീർക്കാൻ മാത്രമായൊരു പെൺകൊടിയെ അയാൾ ഉപയോഗിക്കും. അവളെ ഇണക്കി, ഇണയാക്കുവാൻ വയ്യ. ഭോഗതൃഷ്ണയുടെ മൂർഛയിൽ അവൻ സൗന്ദര്യ ബോധം മറക്കുന്നു, സ്ത്രീ സങ്കല്പ്പങ്ങൾ മറക്കുന്നു. ആ നിമിഷത്തിന്റെ പ്രാപ്തി കഴിഞ്ഞാൽ പിന്നെ അവൾ വെറുമൊരു പാഴ്വസ്തു.

ഞെട്ടിയുണർന്ന അയാൾക്ക് അത്തരമൊരു തെറ്റു ചെയ്യാത്തതിന് ആരോടു നന്ദി പറയേണ്ടതെന്നറിയില്ലായിരുന്നു. ഒരു പക്ഷെ, അന്നേ വരെ അയാളുടെ മനസ്സിലേക്ക് കടന്നു വന്ന ഓരോരുത്തരോടും അയാൾ മനസു കൊണ്ട് നന്ദി പറഞ്ഞു..

0

Leave a Reply

Your email address will not be published. Required fields are marked *