Mumbai Bachelor Life – Part 12

 

പത്തായപ്പുരയിലെ അപ്പുണ്ണിയേട്ടൻ തിരിച്ച് ബോംബെയിൽ എത്തിയിരിക്കുന്നു. താമസിക്കാനൊരിടം ശരിയാവുന്നതു വരെ താമസം എന്റെ കൂടെ.

സുഹൃത്ത് വിജയനും വീണ്ടും ബോംബെയിലെത്തിയിരിക്കുന്നു. അക്കാലത്തെ എതൊരു മലയാളിയെയും പോലെ ഗൾഫ് സ്വപനവുമായി.

ഞാനാകട്ടെ അത്തരമൊരു സ്വപ്നത്തിന് വശംവദനായിട്ടില്ല. ഒരു ഏജൻസി വഴി തന്റെ ഭാഗ്യപരീക്ഷണത്തിന് തയ്യാറായി വന്നിരിക്കുകയാണ്. പക്ഷെ അവരുടെ ഏജൻസി ചാർജ്ജ് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഒടുവിൽ ബോംബെ കണ്ട് നടന്നു. ഇനി ബോംബെയിൽ ഒരു ജോലി സംഘടിപ്പിച്ചാലോ എന്ന ചിന്തയിൽ കുറെ അപ്പ്ളിക്കേഷനുകൾ അയച്ചു. നാട്ടിൽ നാലുകെട്ടിൽ ഭാഗം അടുത്തിരിക്കുകയാണ്, അത് കൊണ്ട് മൂപ്പർക്ക് പോകാതെ തരമില്ല.

1988 ഡിസംബർ 21നു ആനന്ദ് റെക്കോർഡിംഗിലേക്ക് വന്നൊരു കമ്പി എന്നെ ഞെട്ടിച്ചു. രാഘവമ്മാവന്റെ അകാല നിര്യാണ വാർത്ത. സ്ഥിരീകരണത്തിനും കൂടുതൽ വിവരങ്ങൾക്കുമായി നാട്ടിലേക്ക് ട്രങ്കിനു ശ്രമിച്ചെന്നാലും കിട്ടിയില്ല. നാട്ടിലേക്ക് പോകാൻ ട്രെയിനിൽ ടിക്കറ്റില്ല. ഒടുവിൽ ബസിനു പോവാൻ തീരുമാനിച്ചു.

അച്ഛന്റെ മരണം ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. 1976 മാർച്ചിലെ ആദ്യ വെള്ളിയാഴ്ച വൈകുന്നേരം ആശാരി വള്ളി എന്നെ ജീവിതത്തിൽ ആദ്യമായി ഞെട്ടിച്ചു. അച്ഛൻ വീണ്ടും മരത്തിൽ നിന്നും വീണെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലാണെന്നുമായിരുന്നു ആ വാർത്ത. ആറാം തിയതി, ഞായറാഴ്ച രാവിലെ അമ്മ മെഡിക്കൽ കോളേജിൽ നിന്നും തനിയെ എത്തി. “എല്ലാം കഴിഞ്ഞു അമ്മേ” എന്ന് മുത്തശ്ശിയോട് പറഞ്ഞ് വിങ്ങിപ്പൊട്ടിയ അമ്മയോടൊപ്പം എന്തു ചെയ്യണം, പറയണം എന്നറിയാതെ ഞാൻ തരിച്ചിരുന്നു. ഒപ്പം അനുജൻ ശശിയും ആറു വയസ്സുകാരി ശോഭയും എന്തു സംഭവിച്ചുവെന്നറിയാതെ അന്തം വിട്ടിരുന്നു തേങ്ങി. അന്നത്തെ വളരാത്ത മനസ്സിന് കാര്യങ്ങളുടെ ഗൗരവം അറിയില്ലായിരുന്നു. ചുമതലകളെക്കുറിച്ചുള്ള ബോധമില്ലായ്മ ഭാഗ്യമായി. വൈകുന്നേരം വട്ടംകുളം ശ്രീധരേട്ടനും കുഞ്ഞനിയേട്ടനും ചന്ദ്രാലയം ഉണ്ണിയേട്ടനും പിന്നെ പേരറിയാത്ത പലരും ചേർന്ന് കൊണ്ടുവന്ന അച്ഛന്റെ ചേതനയറ്റ ശരീരം കണ്ടപ്പോഴായിരുന്നു പൊട്ടിക്കരഞ്ഞതും നഷ്ടബോധം മനസ്സിനെ മഥിച്ചതും. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട എന്നെ പിറകിൽ നിന്നും വിളിച്ച് ആടിനുള്ള കടലപ്പിണ്ണാക്ക് വാങ്ങുവാനുള്ള സഞ്ചിയും പൈസയും ഏല്പ്പിച്ചപ്പോൾ അതൊരു അവസാന കൂടിക്കാഴ്ചയാവുമെന്നോ, ചുമതലകളുടെ ഭാരമുള്ള വലിയൊരു സഞ്ചിയാണ് അന്ന് അച്ഛൻ എന്നെ ഏല്പ്പിച്ചതെന്നോ അറിയില്ലായിരുന്നു. ആ സായാഹ്നത്തിൽ അച്ഛൻ യാത്രയായി. പടിഞ്ഞാറെത്തൊടിയിലെ പേരച്ചുവട്ടിൽ അച്ഛന് അന്ത്യവിശ്രമമൊരുക്കി.

അച്ഛ്നറ്റെ മരണ ശേഷം എന്ന കൈപിടിച്ച് തൃപ്രയാറെത്തിച്ചത് അമ്മിണിയോപ്പോളും രാഘവമാവനുമാണ്. ഈ മരണം മറ്റൊരു വഴിത്തിരിവായിത്തീരുമോ? അറിയില്ലായിരുന്നു. ദു:ഖത്തിൽ പങ്കുചേരാൻ, സാന്ത്വനിപ്പിക്കാൻ വാക്കുകളില്ല. മനസ്സുകൊണ്ട് സമസ്താപരാധങ്ങൾക്കും മാപ്പു ചോദിക്കാനായി നാട്ടിലേക്ക് യാത്രയായി.

നാട്ടിലെത്തിയതും പിണ്ഡത്തിനുള്ള ശ്രമങ്ങളിൽ വ്യാപൃതനായി. നാട്ടിലെ ക്ഷണമായിരുന്നു എന്റെ ചുമതല. വലപ്പാട് മുതൽ ചേർക്കര വരെയുള്ള ഭവനങ്ങളിൽ സൈക്കിളിൽ പോയി ക്ഷണം നടത്തി. കോളേജ് പഠനകാലം തിരിച്ചെത്തിയ പോലെ. തൃപ്രയാറിൽ കഴിഞ്ഞ എഴു വർഷങ്ങളിൽ 5 വർഷവും എസ് എൻ നാട്ടികയിലേക്ക് സൈക്കിളിൽ പോയിരുന്ന കാലം കണ്മുമ്പിലെന്ന പോലെ തെളിഞ്ഞു. ക്രിക്കറ്റ് ലഹരിയിൽ കളിച്ച് വളർന്ന കോളേജ് ഗ്രൗണ്ടിനെ വലം വെച്ച് ചേർക്കരക്കു പോയപ്പോൾ, സക്കീറും, പ്രദീപും, ഗിരീശനും, സ്വാമിയും ചേർന്ന് വീണ്ടും ആ മൈതാനത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ടു പോയി.

പിറ്റേന്ന് തിരിച്ച് ബോംബെക്കുള്ള ടിക്കറ്റിനായി ഗുരുവായൂരെത്തി. അവിടെ കിട്ടാഞ്ഞ്, തൃശൂരും കടന്ന് പാലക്കാട്ടേക്ക് തിരിച്ചു. പോകും വഴി തൃശൂർ റൌണ്ടിലെ കറന്റ് ബുക്സിൽ കയറി ഞാനൊരു പുസ്തകം വാങ്ങി. വളരെക്കാലമായി വാങ്ങാൻ കൊതിച്ച പുസ്തകം, ‘ഖസാക്കിന്റെ ഇതിഹാസം’. ‘ഇതിഹാസത്തിന്റെ ഇതിഹാസം’ മാതൃഭൂമിയിൽ വന്നത് വായിച്ച് രോമാഞ്ചം കൊണ്ട് നടന്നിരുന്ന നാളുകൾ. അന്നുമുതൽ മനസ്സിലുള്ള ആഗ്രഹമായിരുന്നു മൂലകൃതി വായിക്കുകയെന്നത്.

തൃശൂരു നിന്നും ബസ് പാലക്കാട്ടെത്തിയതു മാത്രമാണ് ഞാനറിഞ്ഞത്. അവിടെനിന്ന് പെരിന്തല്മണ്ണയെത്തിയതും. അതിനിടയിൽ ആദ്യ വായന കഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് എത്ര തവണ ഖസാക്കിൽ കയറിയിറങ്ങിയെന്നതിന് കണക്കുകളില്ല. ഒരോ വായനയും പുതിയ അർത്ഥ തലങ്ങൾ, കാഴ്ചകൾ സമ്മാനിച്ചു.

കണ്ണനിവാസിലെത്തിയ അന്ന് വൈകുന്നേരം പത്തായപ്പുര രമേശേട്ടൻ ഒരാളെ ബോംബെക്ക് കൊണ്ടു പോകുന്ന കാര്യം ആവതരിപ്പിച്ചു. വയ്യെന്ന് പറഞ്ഞില്ല.

1989 പിറന്നത് രാഘവമ്മാവന്റെ പിണ്ഡദിവസം. കലവറയായിരുന്നു എന്റെ ചുമതല. പണികളെല്ലാം തീർന്ന് വൈകീട്ട് ഗിരീശനുമൊപ്പം തൃപ്രയാർ സെന്ററിൽ പോയിരുന്ന് ഗതകാല സ്മരണകൾ അയവിറക്കി ഒരോ പൈനാപ്പിളുമടിച്ച് പിരിഞ്ഞു.

പിറ്റേന്ന്, ബന്ദ് ദിവസം. ഗിരീശൻ തൃശൂരിലെത്തിച്ചു. ഉൽസവപ്പിറ്റേന്ന് കണ്ടു. തിരിച്ച് കണ്ണനിവാസിലെത്തിയ എന്നെ കാത്ത് രമേശേട്ടനും സരളോപ്പോളുടെ ജേഷ്ഠന്റെ മകൻ മുരളീ മോഹനനും കാത്തിരിക്കുന്നുണ്ടായിരുന്നു. രമേശേട്ടൻ തന്റെ ബോംബെ അനുഭവങ്ങളെക്കുറിച്ച് വാചാലനായി. മുരളീ മോഹനനെ പരിചയപ്പെട്ടു. എല്പ്പിച്ച കാര്യം ഏറ്റു.

പത്തായപ്പുരയിലും ഭാഗത്തിന്റെ തിരക്കാണ്. കാര്യങ്ങൾ ഏതാണ്ട് തീരുമാനമായിരിക്കുന്നു. വീടും പറമ്പും ഭാരതിയോപ്പോൾക്ക്, പള്ള്യാൽ രമേശേട്ടന്.. എന്നിങ്ങനെ. കുട്ട്യമ്മായി വിശദമായി എല്ലാം പറഞ്ഞു. അപ്പുണ്ണിയേട്ടനോട് തിരിച്ച് നാട്ടിലേക്ക് വരുവാൻ പറയുന്നു.

വീണ്ടും ബോംബെക്ക് യാത്രയാവുന്നു. മുത്തശ്ശിക്ക് വയസ്സിനേക്കാളേറെ വയ്യാതായിരിക്കുന്നു. കൈ വിറയൽ കൂടിയിരിക്കുന്നു. ഗുരുവായൂർ തൊഴലും എവിടേക്കും യാത്രയില്ലാതായിട്ടും ഒന്നു രണ്ട് കൊല്ലമായി. മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി. ഇക്കുറി യാത്രയാക്കുവാൻ അയൽ പക്കക്കാരെല്ലാരും എത്തിയിട്ടുണ്ട്. രാജമന്ദിരം നാരായണ ഷാരടി, മാലിനി ഓപ്പോൾ തുടങ്ങിയവരും. സ്ഥിരം യാത്രയാക്കാറുള്ള വിജയൻ ഇക്കുറി ബോംബെയിൽ. അതു കാരണം ശ്രീകുട്ടൻ ആ സ്ഥാനം ഏറ്റെടുത്തു.

പാലക്കാട് നിന്നും കൃഷ്ണരാജപുരം വഴി പോകുന്ന നേത്രാവതിയിൽ ആദ്യ യാത്ര. പാലക്കാടന്മാരുടെ കൂടെ, ഖസാക്കിന്റെ ഇതിഹാസത്തിലെക്ക് പതുക്കെ കാലെടുത്തു വെച്ച്, പിന്നീട് ആഴങ്ങളിലേക്ക്.. ആഴപ്പരപ്പിലേക്ക് മുങ്ങാംകുഴിയിട്ട് യാത്രയായി.. ബോംബെയുടെ ഓളപ്പരപ്പിലേക്ക് ഉയർന്ന് പൊങ്ങുവാനായി.

0

Leave a Reply

Your email address will not be published. Required fields are marked *