എൻ ഗുരു by ശ്രീ.കെ.പി.ശങ്കരൻ

Panditharatnam K P Narayana Pisharody

പ്രശസ്ത നിരൂപകനായ ശ്രീ.കെ.പി.ശങ്കരൻ
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ( 23-6-20l9) ”എൻ ഗുരു ” എന്ന പംക്തിയിൽ തന്റെ ഗുരുനാഥൻ പണ്ഡിതരത്നം കെ.പി.നാരായണപിഷാരടിയെ കുറിച്ചെഴുതിയ കുറിപ്പ് വായിച്ച് അറിയാതെ കണ്ണു നിറഞ്ഞു പോയി. പഴയ കാലത്തെ ഗുരുശിഷ്യബന്ധ ത്തിന്റെ വിശുദ്ധിയും നൈർമ്മല്യവും ആഴവും തൊട്ടറിഞ്ഞവിവരണം.

ഷാരോടി മാഷുടെ കൂടെ കേരളവർമ്മാ കോളേജിൽ സഹാധ്യാപകനായി പ്രവർത്തിക്കാൻ പ്രിയ ശിഷ്യന് ഭാഗ്യമുണ്ടായി . ഒരിക്കൽ സ്റ്റാഫ് റൂമിൽ മാഷും ശിഷ്യനും മാത്രമായ സമയം. വായനാശാലാ വാർഷികത്തിൽ പ്രസംഗിക്കാൻ ക്ഷണവുമായി ഒരു കൂട്ടർ വന്നു. എന്തോ കുരുത്തക്കേട് കൊണ്ട് വയ്യ എന്ന് പറഞ്ഞ് വലുപ്പം നടിക്കാനാണ് ശിഷ്യനപ്പോൾ തോന്നിയത്. മിഥ്യയായ ഒരു തരം മേനി…. അവർ സ്ഥലംവിട്ട ഉടനെ മാഷ് ചോദിച്ചു.
” എന്തേ താൻ ഇപ്പോൾ അവരെ മടുപ്പിച്ച് മടക്കി അയച്ചത് ?”

ഒന്നും മിണ്ടാനാകാതെ ശിഷ്യൻ നിന്നു പരുങ്ങി. മാഷുടെ ശബ്ദം കനത്തു.
” അവർ തന്നോട് കന്നുപൂട്ടാനും കണ്ടം കിളക്കാനുമൊന്നുമല്ലല്ലോ ആവശ്യപ്പെട്ടത്? സന്ദർഭത്തിന് പാകത്തിൽ വല്ലതും സംസാരിക്ക്യല്ലേ വേണ്ടു? ഈശ്വരൻ സഹായിച്ച് തനി ക്കതിനുള്ള കഴിവും ഉണ്ട്”

ശിഷ്യൻ ഇരുന്നിടത്തിരുന്ന് ഇല്ലാതാ യി എന്നല്ലാതെ എന്ത് പറയാൻ?
ഇതിന്റെ മറുവശവും ഈ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. ഏറ്റ ഒരു പ്രസംഗത്തിന് പോവാൻ കഴിയാത്ത അവസ്ഥ വന്നു ചേർന്നു. ശിഷ്യന്റെ മുഖത്തെ മ്ലാനത ഗുരു കണ്ടു പിടിച്ചു. “എന്താ തനിക്കൊരു മൗഢ്യം?”

വാത്സല്യം വഴിയുന്ന അന്വേഷണം. ശിഷ്യൻ മനസ്സു തുറന്നു ” ഞാൻ പഠിച്ച ചെറുതുരുത്തി ഹൈസ്കൂൾ വാർഷികത്തിന് അതിഥിയായി ക്ഷണിച്ചിട്ടുണ്ട്. ചെന്നോളാം എന്ന് വാക്കും കൊടുത്തു. എന്നാൽ ഇന്ന് വീട്ടിലെത്താതെ നിവൃത്തിയില്ല. സാഹചര്യം അങ്ങനെയാണ്.”
മാഷ് ലളിതമായ ഒരു പോംവഴി കണ്ടെത്തി.

” പകരം ഞാൻ പോവാം. പോരേ? അവരെ സംഗതി അറിയിച്ച് താൻ വഹിക്കേണ്ട സ്ഥാനം ഞാൻ വഹിച്ചോളാം _ എന്താ …..?”
ശിഷ്യൻ ഇങ്ങനെചിന്തിച്ചു പോയി.

ഈശ്വരാ… ഈ കാരുണ്യം കിനിഞ്ഞു കിട്ടാൻ ഞാൻ എന്ത് സുകൃതമാണ് ചെയ്തത്?

ഹൈസ്കൂൾ വാർഷികസമ്മേളന ത്തിന്റെ സംഘാടകരാണെങ്കിൽ പതിന്മടങ്ങു സന്തോഷിച്ചിട്ടുണ്ടാവും. കേമനായ പൂർവ്വ വിദ്യാർത്ഥിക്ക് പകരം അയാളെ പഠിപ്പിച്ച് കേമനാക്കിയ ഗുരുനാഥൻ തന്നെ നേരിട്ട് ചടങ്ങിനെത്തിയല്ലോ? ആനന്ദലബ്ധിക്കിനിയെന്തു വേണം?

ശിഷ്യൻ പറയുന്നു.”ഷാരോടി മാഷ് എന്നെ പഠിപ്പിച്ചത് കൃഷ്ണ ഗാഥയും, ഭാഷാനൈഷധം ചമ്പുവും മറ്റും മറ്റും മാത്രമല്ല. പിന്നെയോ, ജീവിതത്തിൽ പുലർത്തേണ്ട ചില മൂല്യങ്ങൾ കൂടിയാണ്” .

ഇത്തരം ഗുരുലബ്ധി അപൂർവ്വ സൗഭാഗ്യം തന്നെ.

By 

Suresh Babu, Vilayil
Suresh Babu, Vilayil
0

Leave a Reply

Your email address will not be published. Required fields are marked *