“Day Celebration”

ഡേ സെലിബ്രെഷൻ

                                                                                                                                               – ചെറുകര വിജയൻ

 

രണ്ട് – ങ്ങക്ക് ഭ്രാന്താ…

ശാന്ത വിളിച്ചു പറഞ്ഞു.

ശരിയാണോ? എനിക്ക് ഭ്രാന്തുണ്ടോ ? സുകുവിന് സംശയോം, ആശങ്കയും, അന്ധാളിപ്പും.

ഒന്ന് – ഉണ്ടെങ്കിലാട്ടെ, ഞാൻ സഹിച്ചു. അതിനും ഒരു ശക്തി വേണല്ലോ

എന്നാലും സുകുവിന് ഒരു സുഖോം ഉഷാറും തോന്നീല. എന്തെ അവളെങ്ങനെ പറയാൻ! അതിൽ വല്ല സത്യോണ്ടോ? ആ… ആരോട് ചോദിക്കാൻ? നാണക്കേട്.. എനിക്ക് ഭ്രാന്ത്‌ണ്ടോ കൂട്ടരേ? ചോദിച്ചാലെന്താ! ഭ്രാന്തിനെക്കാൾ വലിയ നാണക്കേടുണ്ടോ? ഒന്നും വേണ്ട. പൊല്ലാപ്പ്. സ്വയം ചോദിച്ച് മറുപടി തേടാം. സുകു സമാധാനിച്ചു.

കയ്യിലിരിപ്പ്, മനസ്സിലിരിപ്പ്, നാട്ടിലിരിപ്പ്, കൂട്ടിനിരിപ്പ്, നടത്തിപ്പ്… ഇതൊക്കെ താളം പെഴപ്പിക്ക്വൊ? അതോ.. സ്വയം നടപ്പ്, കുടുംബ നടത്തിപ്പ്, മക്കളുടെ നടപ്പ്.. ഇതോക്കെയാവോ കാരണം. ചിന്ത വിട്ട് പോണില്യ. ചില ചില മാറ്റങ്ങൾ എന്തായാലും വേണം . ആരെങ്കിലും വെറുതെ അയാൾക്ക് ഭ്രാന്താ എന്ന് വിളിച്ച് പറയ്വോ? കുറച്ച് സത്യമെങ്കിലും കാണും. അതോണ്ടാണ് മാറണമെന്നുറച്ചത്. പക്ഷെ… എങ്ങിനെ? അവിടെയാണ് പ്രശനം. ഭ്രാന്തിലാറാടാതെ പരിഹാരം കാണണം. ചിന്തകൾ സുകുവിനെ കാർന്നുകൊണ്ടിരുന്നു.

രണ്ട് – അതേയ്, .. ഞാനമ്പലത്തീ പോവാണ്. നിങ്ങള് വരണണ്ടോ?

ഒന്ന് – ഇതെന്താ വല്ല ഏകാദശി മറ്റോ ആണോ?

രണ്ട് – പണിത്തിരക്ക് കാരണം നന്നെ രാവിലെ പറ്റീല്യ. ഞ്ഞി.. നേരം വൈകണ്ട. ഇന്നെന്റെ കൂടെ പോരൂന്നേയ്…

ശാന്തയുടെ ശാഠ്യവും ഒരുതരം ഭ്രാന്തല്ലേ? എല്ലാ നോമ്പും നോൽക്കും. ഇന്നെന്താവോ എന്നേം കൂട്ടണ് .. നേരത്തെ പറഞ്ഞ ഭ്രാന്തിന് മാപ്പായാണോ.. അതോ നോമ്പോ?
രണ്ട് – പിന്നേയ് .. ദാ നോക്കൂ.. മക്കള് പറയാ, ഇന്ന് ഫാദേഴ്‌സ് ഡേ ആണെന്ന്.. വരൂന്നേയ്.
ചിലതൊക്കെ ശാന്തയും ധരിച്ചിരിക്കുന്നു. കാലത്തെ ഭ്രാന്ത് നോമ്പിലൂടെ “ഡേ” യിലെത്തിക്കാണ്. “ഡേ”ക്ക് മാറ്റൊന്നൂല്യ. നമ്മൾ കൊടുക്കണ പേരുകൾ അവയെ മാറ്റി മറിക്കുന്നു. അല്ല.. നമ്മെ മാറ്റുന്നു. നാം തന്നെ നമ്മെ മാറ്റാൻ പലതും കാണിക്കുന്നു. മാറിയതും മാറുന്നതും മാറ്റാനുള്ളതും എല്ലാം ചേർത്ത് ശ്രദ്ധിച്ച് കോർത്തിണക്കി ഒരു ‘ഡേ മാല’ കെട്ടിയണിഞ്ഞാൽ … എപ്പോഴും ശാന്തി! സമാധാനം!

ഒന്ന് – ദാ വന്നു. മുണ്ട് മാറട്ടെ.

തിരുവാതിര നോമ്പ്, ഏകാദശി നോമ്പ്, തിങ്കൾ നോമ്പ്… അങ്ങിനെ കുറേയവൾ നോൽക്കും. ഇപ്പൊ “ഫാദേഴ്‌സ് ഡേ നോമ്പും ആയി . ആർക്ക് വേണ്ടി? … എല്ലാർക്കും എല്ലാറ്റിനും വേണ്ടി. കുടുംബത്തിനും, നാടിനും, നാട്ടുകാർക്കും, ഒക്കെ.. എന്തിന് വേണ്ടി? .. സ്നേഹ നന്മകളെ തളിരണിയിക്കാൻ…. എല്ലാവരെയും ഭ്രാന്തിൽ നിന്നകറ്റാൻ … എല്ലാം നല്ലതിന്..
അല്ലലും അലട്ടുമില്ലാതെ ആടിയാടി പൂത്തുലഞ്ഞ് നിൽക്കാനൊരു മോഹം ആർക്കും കാണും. ദൈനം ദിന ചെയ്തി ചിന്തകളാൽ നോമ്പ് നോറ്റ് നല്ലപോലെ വളർന്നാൽ … വളർത്തിയാൽ ഭ്രാന്തുകളൊന്നും തീണ്ടാനിടവരില്ലെന്ന് സുകുവിന് തോന്നി.

ഒന്ന് – കുടയെടുക്കണോ ?

രണ്ട് – വേണ്ട, മഴയായാലും, വെയിലായാലും നമുക്കാസ്വദിക്കാം. ഇന്ന് ശ്രീ നിറഞ്ഞ ദിനമല്ലേ ! വരൂ.. പോകാം .

മൂന്ന് – അച്ഛൻ.. നിക്കൂ.. ഞങ്ങളും വരുന്നു … ഹാപ്പീ ഫാദേഴ്‌സ് ഡേ …

അച്ഛന് (1 ) ഭ്രാന്ത്, അമ്മയ്ക്ക് (2) നോമ്പ്, മക്കൾക്ക് (3) നേരമ്പോക്ക് ..

 

***

0

2 thoughts on ““Day Celebration”

  1. 🤔 കൊഴപ്പല്ല്യ… ഇനിയും രസകരമായ നേരം പോക്കുകൾ ആവാം 😊

    0

Leave a Reply

Your email address will not be published. Required fields are marked *