പിഷ്ഠകപുരാണം

  • ഹഹാ.. ആരാദ് രാമനോ?എന്താ രാമാ രാവിലന്നെ ! ഇന്ന് ജോലിക്കൊന്നും പോയില്ലേ ?

രാവിലെ,ഭാര്യ പുട്ടാണുണ്ടാക്കിയത്. നല്ല സ്വാദ്. വയറ് നിറച്ചും കഴിച്ചു. കുറച്ച് നേരം വെറുതെയിരുന്നു. അറിയാതെ മയങ്ങി പോയി. പിന്നെ ജോലിക്ക് പൂവാനൊന്നും തോന്നീല്യ . തിരുമേനിയാണെങ്കിൽ ഭക്ഷണപ്രിയനും ഭാഷണ പ്രിയനും ആണല്ലോ? ആ രസികത്തം അസാരം അവാന്നങ്ങട്ട് നിരീച്ചു .

അഹാ ..നന്നായിട്ടോ …നോനും ഒരാളെ വധിക്കാൻ കിട്ടാതെ വിഷമിച്ചങ്ങനെ ഇരിക്ക്യായ്ര്ന്നു. രാവിലെ പുട്ട് കഴിച്ചൂന്നല്ലേ, രാമൻ പറഞ്ഞത്? ന്നാ പുട്ടു പുരാണം തന്നെ ആയ്ക്കോട്ടെ !

ദഗ്ദ്ധതണ്ഡുലചൂര്‍ണ്ണേംfബു
യോജയേല്‍ ലവണം ചിതം
ജാലം കേരം പുനശ്ചൂര്‍ണം
വേണുനാളേ ക്രമാല്‍ ക്ഷിപേല്‍

ബാഷ്പ നഷ്ടം വിനാ
തത്ര സ്വേദയേല്‍ പിഷ്ടകം സുധീ
ത്യജേല്‍ ദണ്ഡേന പാത്രേഷു
പിഷ്ടം സ്വാദിഷ്ട ഭക്ഷണം!

സാരം:
വറുത്ത അരിപ്പൊടിയില്‍ ഉചിതമായ അളവില്‍ വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ച് ആദ്യം ജാലം (ചെറു സുഷിര ങ്ങളുള്ളചില്ല്) ഇടുക. ചിരകിയ നാളികേരം,,അരിപ്പൊടി, എന്നിവ ഇടവിട്ട് പുട്ടുകുറ്റിയില്‍ നിറയ്ക്കണം.ആവി നഷ്ടപ്പെടാതെ നന്നായി വേവിക്കണം. വെന്താൽ നീളമുള്ള കമ്പു കൊണ്ട് കുത്തിയെടുത്ത് തളികയിൽ വിളമ്പണം.പുട്ട് എന്ന് പറയുന്ന ഈ ഭക്ഷണ പദാർത്ഥം അത്യന്തം സ്വാദിഷ്ടമാണ്.

പിഷ്ടേന കാദളം യുക്ത്വാ
ഭോജയേല്‍ ചേല്‍ ദദാദി നഃ
ഫലം മനോരഥഫലം കാ
സുധാ മുനിസമ്മതം!

സാരം:
പുട്ടിനോടൊപ്പം വാഴപ്പഴം കൂട്ടി കഴിക്കുക. അത് നമുക്ക് മനോരഥമായ അമൃതത്തേക്കാൾ മഹത്തരമെന്ന് മുനിമാര്‍ പോലും സമ്മതിക്കും.

ഏകദാ ഗജവക്ത്രസ്യ
ലഡ്ഡുകം മൂഷികോ fഹരൻ
തം വിഷണ്ണം ദൃഷ്ട്വാംബാ
സുപിഷ്ടമപചത് ദ്രുതം

പിഷ്ടമാഹാത്മ്യമേതത് യോ
പഠന്നശ്‌നന്‍ ഇദം ദിനേ
ഭക്തിരോധം വിനാ നിത്യം
ഭക്തിയുക്തം ചിരം ഭവേല്‍

സാരം:
ഒരിക്കല്‍ ഗണേശന്റെ മോദകം
എലി കൊണ്ടു പോയി. സങ്കടപ്പെട്ട ഗണേശന് ശ്രീപാർവ്വതിയമ്മ നല്ലപുട്ട് ഉണ്ടാക്കിക്കൊടുത്തു. അതോടെ ഗണേശന് സന്തോഷമായി.

പുട്ടിന്റെ ഈ മാഹാത്മ്യം ആരാണോ വായിക്കുന്നത്, ആരാണോ പകല്‍ പുട്ട് കഴിക്കുന്നത്, അയാൾ വയറിന് അസുഖങ്ങളൊന്നും ഇല്ലാതെ ഭക്തി യോടെ ചിരകാലം ജീവിച്ചിരിക്കും.
ഇതി പിഷ്ഠകപുരാണം സമാപ്തം

Suresh Babu Vilayil

(കടപ്പാട്)

0

Leave a Reply

Your email address will not be published. Required fields are marked *