84 ന്റെ നിറവിൽ അമ്മയ്‌ക്കൊരുമ്മ

എൻ.പി. ഭാരതി, കൊടകര ശാഖ

 

 

 

 

 

ചിങ്ങ മാസത്തിലെ മകം നാളിൽ ആനായത്ത് പുതുക്കുളങ്ങര തിരുനാവായ നടുവിൽപ്പാട്ട് പിഷാരത്ത് മാലതി പിഷാരസ്യാരുടെയും, ഷൊർണൂർ മഹാദേവ മംഗലത്ത് കൃഷ്ണപിഷാരോടിയുടെയും ആദ്യത്തെ കണ്മണിയായി എന്റെ അമ്മ ഈ ഭൂമിയിലേക്ക് വന്നു. ഉയരം സ്വല്പം കുറഞ്ഞ കണ്മണി എന്തായാലും അന്നത്തെ, അതായത് 1936 – 45 കാലഘട്ടത്തിൽ തറവാട്ടിലെ മുത്തശ്ശിമാരുടെയും അയൽക്കാരുടെയും സേവകരുടെയും പൊന്നോമന ആയി തന്നെ വളർന്നിരിക്കാനാണ് സാദ്ധ്യത. കാരണം സുന്ദരികളായ മക്കളുണ്ടാവാൻ, കാണാൻ സൗന്ദര്യമുള്ള ആളെ തന്നെ വിവാഹം കഴിപ്പിച്ച തലമുറയാണ് അന്ന് തറവാട്ടിൽ ഉണ്ടായിരുന്നതത്രെ! “നാരായണിക്കുട്ടി” എന്നാണ് പേരിട്ടിരുന്നതെങ്കിലും ‘അമ്മു’ എന്നാണ് അമ്മയെ എല്ലാവരും വിളിച്ചിരുന്നത്. അങ്ങിനെ അമ്മുവും അമ്മ ഓപ്പോളും അമ്മായിയും മുത്തശ്ശിയുമായി അമ്മ, മകനും മരുമകളും കുട്ടികളുമൊത്ത് സന്തോഷമായിരിക്കുന്നു.

ഏതായാലും ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് ആ തറവാട്ടിൽ ഉള്ളവർ തികച്ചും അന്ധവിശ്വാസികളോ പഴഞ്ചൻ വിശ്വാസികളോ ആയിരുന്നില്ല. അന്ന് ഏർപ്പാടാക്കാൻ പറ്റുന്ന വിദ്യാഭ്യാസമെല്ലാം അമ്മയ്ക്കും കൊടുത്തിരുന്നു. ചെറുപ്പത്തിൽ തന്നെ ഭക്തിമാർഗ്ഗം ആയിരുന്നു അമ്മ തിരഞ്ഞെടുത്തിരുന്നത്. പൂജാമുറി ഒരുക്കലും, വിളക്ക് തെളിയിക്കലും അമ്മയുടെ ചിട്ടകൾ ആയിരുന്നത്രേ. മറ്റൊരു ദൗർബല്യം ഭക്ഷണമായിരുന്നു. ആത്മാവിനെ പൊരിയിച്ചിട്ട് ഒന്നും നേടേണ്ട എന്നൊരു കാഴ്ചപ്പാടായിരുന്നു അമ്മയ്ക്ക്. പിന്നീടും ഭക്ഷണം കൈവെടിഞ്ഞുള്ള വ്രതാനുഷ്ഠാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ചരിത്രപ്രസിദ്ധമായ തിരുനാവായ നാവാമുകുന്ദക്ഷേത്രം തറവാടിന്നടുത്താണ്. അതുകൊണ്ടുതന്നെ ക്ഷേത്രദർശനം കഴിഞ്ഞ് ബന്ധുമിത്രാദികൾ തറവാട്ടിൽ തങ്ങുകയും പതിവായിരുന്നു. മാത്രമല്ല, “അതിഥി ദേവോ ഭവ” എന്ന ആപ്തവാക്യത്തിന് അടിവരയിട്ടിരുന്ന തറവാട് കൂടിയായിരുന്നു അത്. അതുകൊണ്ടു തന്നെ അവിടെ മിക്കവാറും വിരുന്നുകാരെ സൽക്കരിക്കലും ഒരു ചിട്ടയായിരുന്നു.

മുണ്ടും റൗക്കയും അണിഞ്ഞ് സുന്ദരിയായ എന്റെ അമ്മ, അവിടെ ഉണ്ടായിരുന്ന വയസ്സായവരെ ശുശ്രൂഷിച്ചും, അതിഥികളെ സൽക്കരിച്ചും, മച്ചി‍ന്റെ ഉള്ളിൽ ഭഗവത് പൂജകൾ നടത്തിയും, കൂടപ്പിറപ്പുകളെ സ്നേഹിച്ചും ബാല്യവും കൗമാരവും സന്തോഷത്തോടെ കഴിച്ചുകൂട്ടി. അതിനിടയിൽ അവിടേക്കു വിവാഹം കഴിച്ചു കൊണ്ടു വന്ന മരുമക്കളായ ലീലമ്മായിയും, സൌമിനി അമ്മായിയും എല്ലാം അമ്മയുടെ വലിയ കൂട്ടുകാരായിരുന്നുവത്രേ.

കൗമാരകാലഘട്ടം കഴിയുമ്പോഴേക്കും (1955) സൌന്ദര്യത്തിന് പുറമേ വിവാഹാലോചനയില്‍ മരുമക്കളുടെ ജോലിയും അവിടെ വിഷയമായിരുന്നു. ആദ്യം നടന്നത് അമ്മയുടെ അനിയത്തിയുടെ വിവാഹമായിരുന്നു. പക്ഷെ ഭക്തിമാർഗ്ഗം തിരഞ്ഞെടുത്തതിനാല്‍ അമ്മയ്ക്ക് ഇതത്ര അലോസരം ഉണ്ടാക്കിയില്ലെന്നാണ് പറഞ്ഞ് കേട്ടിരുന്നത്.

ശുകപുരം പിഷാരവും, തിരുനാവായ പിഷാരവും തമ്മില്‍ മുൻ കാല ബന്ധങ്ങളുണ്ടായിരുന്നതിനാല്‍ എന്റെ അമ്മയ്ക്കും ശുകപുരം പിഷാരത്തു നിന്നാണ് വിവാഹം നടന്നത്. അതെ ഇന്നും അമ്മയ്ക്ക് സ്വപ്നത്തില്‍ കൂട്ടായെത്തുന്ന എന്റെ അന്തരിച്ച അച്ഛന്‍ (ശുകപുരത്ത് നാരായണ പിഷാരോടി) ഇനിയൊരു ജന്മമുണ്ടെങ്കിലും അമ്മയ്ക്ക് കൂട്ടായി എത്തുവാനാണ് അമ്മയുടെ പ്രാർത്ഥന. തിരിച്ച് ചിന്തിക്കാനേ അമ്മയ്ക്ക് വയ്യാത്രേ!…….

എന്റെ അമ്മയെ വിവാഹം കഴിച്ച് എടപ്പാൾ കുടലിൽ പിഷാരത്തേയ്ക്ക് കൊണ്ടു വരുമ്പോൾ അവിടെ അച്ഛന്റെൾ ഒരു കൊച്ചു സുന്ദരി മോള്‍( ശാന്തേടത്തി) കൂടി ഉണ്ടായിരുന്നു. ആ മോൾ അന്ന് അച്ഛന്റെ നിഴലായി, വാൽസല്യ നിധിയായി എപ്പോഴും കൂടെ ഉണ്ടാവുകയും ചെയ്തിരുന്നു. പക്ഷേ വിധിയുടെ ക്രൂരത ആ കുട്ടിയേയും ദൈവം അങ്ങോട്ട് വിളിച്ചു.  ഇത് അച്ഛനെ വല്ലാതെ തളർത്തിയിരുന്നുവത്രേ!  പക്ഷേ അമ്മയുടെ ഭക്തിയോടെയുള്ള പരിചരണം കൊണ്ട് ജീവിതം സാധാരണനിലയിൽ തന്നെയായി…

എന്നാൽ, പിന്നീടുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല. ശുകപുരം തറവാട്ടിലെ കാര്യസ്ഥത, സൊസൈറ്റിയിലെ ജോലി എന്നിവയെല്ലാം അച്ഛൻ ചെയ്തിരുന്നു. സത്യസന്ധത കൂടെയുണ്ടായിരുന്ന അച്ഛൻ പിന്നീട് കഴകവൃത്തിയിലേക്ക് തന്നെ തിരിച്ചു പോന്നു. ജീവിതത്തിൽ മക്കൾ, അവരുടെ വളർച്ച, വിദ്യാഭ്യാസം എല്ലാം നല്ലതുപോലെ പ്രയാസപ്പെട്ടു തന്നെ നിൽക്കേണ്ടിവന്നു. മുൻശുണ്ഠിക്കാരനായ അച്ഛനെ പൂർണ നിശബ്ദതയോടെയാണ് അമ്മ കീഴ്പ്പെടുത്തിയിരുന്നത്. രണ്ട് കൈയും കൂട്ടി അടിച്ചാലല്ലേ ശബ്ദം കേൾക്കൂ…..  അതുകൊണ്ട് തന്നെ ശുണ്ഠിക്കൊടുവിൽ അച്ഛൻ തന്നെയാണ് തോൽക്കാറ് പതിവ്. ഇല്ലാപ്പാട്ട് പാടി ഭർത്താവിന്റെ സ്വൈരം കെടുത്താൻ ഒന്നും അമ്മ മിനക്കെട്ടിരുന്നില്ല.

കുശുമ്പും കുന്നായ്മയും പറഞ്ഞ് സമയം കളയുകയും ചെയ്തില്ല. പൂ പറിക്കലും, തന്നാലാവും വിധം അയൽക്കാരെ സഹായിച്ചും സ്വയം കുടുംബ ഭരണം ഏറ്റെടുത്തു. കൂട്ടിനെന്നും ഒരാൾ വേണമെന്ന് അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ദൈവസഹായത്താൽ അയൽപക്കത്തുള്ള കുട്ടികൾ അമ്മയോടൊപ്പം കൂട്ടിനുണ്ടായിരുന്നു. അവരെ പലഹാരങ്ങൾ ഉണ്ടാക്കി കൊടുത്തും ഭാഗവത കഥകൾ പറഞ്ഞു കൊടുത്തും കൂടെ കൂട്ടാനുള്ള സാമർത്ഥ്യവും അമ്മയ്ക്ക് ഉണ്ടായിരുന്നു. ഈ പ്രായത്തിലും “ഷാരസ്യാരെ” എന്ന് വിളിച്ച് അവർ കാണാൻ വരുമ്പോൾ ഒരു സന്തോഷം അമ്മയുടെ മുഖത്ത് കാണാം. മാത്രമല്ല രാധ നേത്യാരും, കല്യാണിയും പാറുക്കുട്ടി അമ്മയും കല്യാണിക്കുട്ടി അമ്മയും സരോജിനി അമ്മയും എല്ലാം നല്ല സൗഹൃദങ്ങൾ അമ്മയ്ക്ക് നൽകിയിരുന്നു. ഇപ്പോൾ ഇവരുടെ എല്ലാം മക്കൾ അമ്മയെ കാണാൻ വരുമ്പോൾ നമുക്ക് അവരുടെ അമ്മമാരോട് അമ്മ കാണിച്ച സ്നേഹ സൗഹൃദങ്ങൾ അനുഭവിക്കാം.

ജീവിതത്തിന്റെ ഒഴുക്കിൽ അമ്മയ്ക്ക് താങ്ങായി നല്ല മരുമക്കളേയും കിട്ടി. മുത്ത മരുമകന്‍ കല്ലുവഴി പിഷാരത്ത് നിന്നും വന്നപ്പോള്‍ അമ്മാമന്‍ അമ്മയോട് പറഞ്ഞുവത്രേ, ഇനി നിനക്ക് ഒരു ബുദ്ധിമുട്ടും വരില്ലാന്ന്. ഏതായാലും ഞങ്ങളുടെ ‘വലിയേട്ടന്‍’ ആ കർത്തവ്യം തന്നാലാവും വിധം നിറവേറ്റി കൊണ്ടിരിക്കുന്നു. പിന്നീട് കണ്ണന്നൂര്‍ പിഷാരത്തുനിന്നും, കണയം പിഷാരത്തു നിന്നും, ആമയൂര്‍ പിഷാരത്തു നിന്നും, വാസുപുരം പിഷാരത്തു നിന്നും മരുമക്കളെല്ലാം അമ്മയെ ചേർത്ത് പിടിച്ച് നല്ല സഹായികളായി തന്നെ നിലകൊള്ളുന്നു. എല്ലാവർക്കും അമ്മയുടെ പ്രാർത്ഥന മാത്രമായിരുന്നു വേണ്ടത്.

കുടലില്‍ നരസിംഹമൂർത്തിയുടെ തൃപ്പടിയിൽ വെക്കുന്ന ഒരു രൂപയും നാഴി അരിയും, പിടിയും(നേദ്യം) കഴിക്കാൻ കുട്ടികളും പേരക്കുട്ടികളും മുത്തശ്ശിയോട് അഭ്യർത്ഥിക്കുമ്പോൾ അവ ചെയ്യാനുള്ള തത്രപ്പാട് ഒന്ന് വേറെ തന്നെയാണ്. എല്ലാവരുടെയും ജന്മ നക്ഷത്രം ഓർത്ത് വഴിപാട് കഴിച്ചും, നാട്ടുകാരെക്കൊണ്ട് വഴിപാട് ചെയ്യിച്ചും അമ്മ ഭഗവാന്റെ വിശപ്പ് മാറ്റിക്കൊണ്ടിരുന്നു. അല്ലെങ്കിൽ ഭഗവാന്റെ പ്രസാദവും അനുഗ്രഹവും നേടിക്കൊണ്ടിരിക്കുന്നു. കമ്മറ്റി ഭരണം ഇല്ലാത്തപ്പോഴും വിളക്ക് തിരി കത്തിച്ചും മലർനിവേദ്യം കഴിച്ചും അമ്പലം അടക്കാതെ നോക്കി. ആ ഭക്തിയും വിശ്വാസവും ആകാം പേരക്കുട്ടികളെ ഉന്നതിയിൽ എത്താൻ സഹായിച്ചത്. ലഫ്റ്റനന്റ് കേണലും, എൻജിനീയർമാരും, ചാർട്ടേഡ് അക്കൗണ്ടന്റ്മാരും, ഡോക്ടർ കുട്ടികളും, അദ്ധ്വാനിച്ചു തൊഴിൽ നേടാം എന്ന് ഉറപ്പുള്ള പേരക്കുട്ടികളും ഉണ്ടായത്. അഥവാ കുട്ടികളുടെ അദ്ധ്വാനത്തിന് മുത്തശ്ശിയുടെ ഭഗവത്ഭക്തിയും ഒരു താങ്ങായി തീർന്നു എന്ന് വിശ്വസിക്കാം

അച്ഛനുറങ്ങുന്ന വീട് വിട്ട് എവിടേക്കും പോകാൻ ഇഷ്ടമില്ലാത്ത അമ്മയ്ക്ക് ചെറുകുന്ന് പിഷാരത്ത് നിന്ന് കൊണ്ടുവന്ന മരുമകളും പ്രിയപ്പെട്ടതു തന്നെ. ആയിരം പൂർണ്ണചന്ദ്രന്മാരെ കാണാൻ ഭാഗ്യം സിദ്ധിച്ച എന്റെ അമ്മയ്ക്ക് ഇനി അധികം ജീവിക്കാൻ താല്പര്യമില്ല എന്ന് പറയും. വാർദ്ധക്യം ശരീരത്തെ തളർത്തുമല്ലോ. സ്വന്തമായി അദ്ധ്വാനിച്ച് നടന്ന കാലം തന്നെയാണ് അമ്മയ്ക്ക് ഏറ്റവും ഇഷ്ടം ആയിരുന്നത്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ഉള്ള പ്രയാസം പറഞ്ഞു കൊണ്ടിരിക്കുന്നു….

എന്നാലും സ്വയം ഉണ്ടാക്കിയ സമയനിഷ്ഠയില്‍, ആരേയും പഴിക്കാതെ ഭാഗവതം വായിച്ചാലാണ് മുക്തി കിട്ടുക എന്ന് പറഞ്ഞ് ഭാഗവതം റെക്കോർഡ് ചെയ്ത് എപ്പോഴും കേട്ടും, ഒന്നിനും സമയം തികയുന്നില്ലെന്നും പറഞ്ഞ് ജീവിക്കുന്നു. പ്രതിരോധ ശക്തിയില്‍ സ്വയം വിശ്വസിച്ച് കല്ക്കണ്ടവും, ഉലുവയും, മഞ്ഞളും, അവിലും, പിന്നെ ബിസ്കറ്റും കയ്യില്‍ കരുതി ആവശ്യത്തിന് കഴിക്കുന്നു. മോര് കൂട്ടികുഴച്ചുള്ള ഭക്ഷണവും, ഓറഞ്ച്, നേന്ത്രപ്പഴം തുടങ്ങിയ പഴങ്ങളും കഴിച്ച് സ്വയം ഉണ്ടാക്കിയ ദിനചര്യയിൽ, ജീവിച്ചിരിക്കുമ്പോള്‍ ആരോഗ്യത്തോടെ ജീവിക്കണമല്ലോ എന്നൊരു ഉപദേശത്തോടെ കരുതലോടെ ജീവിക്കുന്നു.

അതെ മക്കൾക്ക് നേരേയാവാന്‍ എല്ലാ മുപ്പട്ട് വ്യാഴാഴ്ചയും പുത്തൻ മുണ്ട് ഉടുക്കുന്നു, തിങ്കളാഴ്ചത്തെ കുളി ചിലപ്പോൾ ഞായറാഴ്ച തന്നെ കുളിക്കുന്നു. കുളി, മൂത്രമൊഴിക്കൽ എല്ലാം ഒരു പണിയായിരിക്കുന്നു. ആ പണി എങ്കിലും ഉണ്ടല്ലോ എന്ന് ആശ്വസിപ്പിച്ചാൽ ഒന്ന് ചിരിക്കും.

ഏത് ജോലിക്കും അതിന്റെതായ വിലയുണ്ടെന്നും, ആവശ്യമില്ലാതെ മക്കളെ ആയാലും ഉപദേശിക്കാൻ പോകരുതെന്നും പറയുന്ന അമ്മ എല്ലാ പോരായ്മകളും ഭഗവാനിൽ അർപ്പിക്കുന്നു. ഇന്ന് പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ തടുക്കാൻ നന്നായി പ്രാർത്ഥിക്കുന്നു. അമ്മയുടെ ഭാഷയിൽ ഒരു കോട്ട കെട്ടി അതിനുള്ളിൽ ഇരുന്നാൽ അവിടേയ്ക്ക് വൈറസ് വരില്ലെന്നാണ്.

പിന്നെ സ്വന്തംകാര്യം നോക്കുന്നതിനോടൊപ്പം ഇതര കാര്യങ്ങളെക്കുറിച്ചും ചില കാഴ്ചപ്പാടുകൾ ഉണ്ട്. ഇന്ദ്രപ്രസ്ഥത്തിൽ വാജ്പേയ് സർക്കാരിന്റെ നേതൃത്വത്തിൽ താമര വിരിഞ്ഞപ്പോൾ അമ്മ വളരെ സന്തോഷിച്ചിരുന്നു. എന്തോ ആ സമയത്ത് അമ്മയ്ക്ക് ഡൽഹിയിൽ പോകാനും പറ്റിയിരുന്നു. തെരഞ്ഞെടുപ്പ്സമയത്ത് അച്ഛൻ കോൺഗ്രസിനും അമ്മ ബിജെപിക്കും വേണ്ടി വാദിച്ചിരുന്നു. ആങ്ങളയുടെയും കൂട്ടുകാരുടെയും സ്വാധീനം ആ കാര്യത്തിൽ അമ്മയിൽ കണ്ടിരുന്നു. പിന്നീട് കണ്ണൂരിൽ നിന്നും മരുമകൾ വന്നതിന് ശേഷം പ്രായാധിക്യത്താല്‍ വോട്ടിന് കൂടെ കൊണ്ട് പോയി, പ്രോക്സിയായി വോട്ട് രേഖപ്പെടുത്തുമ്പോള്‍ തന്റെ വോട്ട് അരിവാളിന് പോകുമോ എന്നൊരു ആശങ്കയും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. (ഉയര്ന്നളവിൽ മയോപ്പിയ ഉള്ള ആളാണ് അമ്മ. ദിവസേന കണ്ണില്‍ നിന്നും വെള്ളം വരുവാന്‍ ഇളനീര്ക്കുഴമ്പും സന്തതസഹചാരിയായി കൊണ്ടു നടക്കും.)

ഭക്ഷണത്തില്‍ വളരെ താല്പര്യമുണ്ടായിരുന്ന അമ്മയുടെ ധൃതി പിടിച്ച് അരയ്ക്കുന്ന ചമ്മന്തിയും, ഇലക്കറികളും അച്ഛന് ഉണ്ടാക്കി കൊടുത്തിരുന്ന നാരങ്ങാക്കറിയുടേയും സ്വാദ് ഇപ്പോഴും നാവിൽ തങ്ങി നില്ക്കുന്നുണ്ട്. ഒരു പക്ഷേ യൗവന കാലഘട്ടത്തിൽ അമ്മയുടെ അരികിൽ ഞാൻ ആയിരിക്കും കൂടുതലുണ്ടായിരുന്നത്.

മൂന്നുകൊല്ലം മുമ്പ് ഉണ്ടായ ഇടുപ്പിന്റെ ശസ്ത്രക്രിയയെ വ്യായാമം കൊണ്ട് തന്നെ ശരിയാക്കിയെടുത്ത് സഹിക്കാനും ക്ഷമിക്കാനും എത്രമാത്രം ഒരു സ്ത്രീക്ക് കഴിയും എന്ന് അമ്മ സ്വയം തെളിയിച്ചതാണ്. എല്ലാറ്റിനും ഉദാഹരണം ഭാഗവതകഥകൾ മാത്രം. കലികാലദൈവം ആയ ശ്രീ അയ്യപ്പനെ കാണാൻ അവിടെ ഹെലിപ്പാഡ് നിർമ്മിച്ചു കഴിഞ്ഞാൽ പോകണം എന്നാണ് ഇനി ഒരു ആഗ്രഹമുള്ളത്. ശാരീരികമായും ഔദ്യോഗികമായും എന്റെ തിരക്കുകൾ കഴിഞ്ഞ് പോകാൻ കാത്തിരുന്നതാണ്. പക്ഷേ ഇനി പറ്റുമോ എന്തോ????

മക്കളും മരുമക്കളും പേരക്കുട്ടികളുമൊപ്പം
പിറന്നാൾ നിറവിൽ

8+

4 thoughts on “84 ന്റെ നിറവിൽ അമ്മയ്‌ക്കൊരുമ്മ

  1. വലിയമ്മക്ക് 84മത് പിറന്നാളിന്റെ നിറവിൽ ആയുരാരോഗ്യ ആശംസകൾ.

    0

Leave a Reply

Your email address will not be published. Required fields are marked *